സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണുള്ളത്. മഴ കണക്കിലെടുത്ത് കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. നിലവിൽ ഈ ജില്ലകളിൽ റെഡ് അലർട്ടാണ്. നേഴ്‌സറി, പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വയനാട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും കളക്ടർ അറിയിച്ചു. കോഴിക്കോട് ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെൻററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. എന്നാൽ യൂണിവേഴ്സിറ്റി പരീക്ഷകൾ, പിഎസ്‍സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്.