കേരളത്തിൽ  ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത 

 സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് നിലവിലുള്ളത്.

 

 തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് നിലവിലുള്ളത്.

മഴയ്‌ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ഞായറാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും 30 മുതൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റും ഉണ്ടായേക്കാം. ഇടിമിന്നൽ സമയത്ത് പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസകരമായ വാർത്തയാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ മഴ പെയ്യുന്ന മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത കൈവിടരുതെന്നും പ്രവചനമുണ്ട്.