കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ; പാൽചുരം റോഡ് തകർന്നു, പേരട്ടയിലെ എട്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കണ്ണൂർ ജില്ലയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം.

 

കണ്ണൂർ : കണ്ണൂർ ജില്ലയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം. മലയോര മേഖലയിൽ മഴ തകർത്തു പെയ്യുകയാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പാൽ ചുരത്തിൽ റോഡ് തകർന്നു വയനാട്ടിലേകുള്ള ഗതാഗതം തടസപ്പെട്ടു. പുളിങ്ങോം കോഴിച്ചാലിൽ തുരുത്തിൽ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ചു.

 തുരുത്തിലെ താമസക്കാരിയായ സുമതിയെയാണ് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത് ആറളത്ത് ചിത്രശലഭ സങ്കേതത്തിൽ വെള്ളംകയറി . കോളിത്തട്ടിൽ മണ്ണിടിച്ചിലും മലവെള്ളപാച്ചിലും കാരണം ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി മാട്ടറ , വട്ടിയാം തോട്, വയത്തൂർ പാലങ്ങളിലാണ് വെള്ളം കയറിയത്. ഒഴുക്ക് ശക്തമായതിനെ തുടർന്ന് കാര്യങ്കോട് പുഴയിൽ കൂടിയുള്ള റാഫ്റ്റിങ് താൽക്കാലികമായി നിർത്തിവെച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് ഉളിക്കല്‍ പഞ്ചായത്തിലെ പേരട്ട തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. എട്ട് കുടുംബങ്ങളെ സമീപത്തെ നൂറുല്‍ ഹുദ മദ്രസാ കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തി. 19 മുതിര്‍ന്നവരും 7 കുട്ടികളും ഉള്‍പ്പെടെ 26 പേരെയാണ് മാറ്റിത്താമസിപ്പിച്ചത്.