ഇടുക്കിയില്‍ കനത്ത മഴ : തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ വെള്ളംകയറി

 

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കനത്തമഴ തുടരുന്നു. മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വെള്ളം കയറി. പ്രദേശത്ത് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലെമ്പാടും ബുധനാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.

തൊടുപുഴയില്‍നിന്ന് മൂവാറ്റുപുഴയിലേക്ക് പോകുന്ന റോഡില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മുന്‍ദിവസങ്ങളേക്കാള്‍ ഇന്ന് വെള്ളക്കെട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇതുവഴി പോയ വാഹനങ്ങളില്‍ ചിലത് അപകടത്തില്‍പ്പെട്ടിരുന്നു. അപകടസാധ്യത പരിഗണിച്ച് മേഖലയില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ ബുധനാഴ്ച ആരംഭിച്ച മഴ ഇനിയും ശമിച്ചിട്ടില്ല. ഇടയ്ക്ക് ചെറിയ ചാറ്റല്‍മഴയായി മാറുന്നുണ്ടെങ്കിലും പിന്നീട് ശക്തി പ്രാപിക്കുന്ന നിലയാണുള്ളത്. രാജക്കാട്, കട്ടപ്പന ഉള്‍പ്പെടെയുള്ള ഹൈറേഞ്ച് മേഖലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കുമളിയിലും രാവിലെ മുതല്‍ മഴ പെയ്യുന്നുണ്ട്.

135.20 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. നിലവില്‍ പ്രശ്‌നങ്ങളില്ലെങ്കിലും മഴ തുടരുന്നത് ആശങ്കയ്ക്ക് വഴിവെച്ചേക്കും. പെരിയാര്‍ കടുവാ സങ്കേതത്തില്‍ പെയ്യുന്ന മഴ ഏകദേശം ഒരുദിവസത്തിനു ശേഷമാണ് മുല്ലപ്പെരിയാറിലക്ക് ഒഴുകിയെത്തുക. അങ്ങനെയെങ്കില്‍ വരും മണിക്കൂറില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നേക്കും. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ ബ്ലൂ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ 2376.28 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ പെയ്യുന്നുണ്ട്.