വനമേഖലയിൽ ശക്തമായ മഴ ; മലപ്പുറത്ത് രൂക്ഷമായ മലവെള്ളപ്പാച്ചിൽ
വനമേഖലകളിൽ മഴ കനത്തതോടെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്, കൽക്കുണ്ട്, തരിശ് മേഖലകളിൽ തുടർച്ചയായ രണ്ടാം ദിവസവും രൂക്ഷമായ മലവെള്ളപ്പാച്ചിൽ. പുഴകളിലും തോടുകളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്ന ജനങ്ങൾ കടുത്ത ഭീതിയിലാണ്.
മലപ്പുറം: വനമേഖലകളിൽ മഴ കനത്തതോടെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്, കൽക്കുണ്ട്, തരിശ് മേഖലകളിൽ തുടർച്ചയായ രണ്ടാം ദിവസവും രൂക്ഷമായ മലവെള്ളപ്പാച്ചിൽ. പുഴകളിലും തോടുകളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്ന ജനങ്ങൾ കടുത്ത ഭീതിയിലാണ്. ഇതിനിടെ തരിശ് – മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയത് ഗതാഗത തടസ്സത്തിനും നാട്ടുകാരിൽ ആശങ്കയ്ക്കും വഴിവെച്ചു. ഒലിപ്പുഴയിലും വെള്ളത്തിന്റെ അളവ് അതിവേഗം ഉയരുകയാണ്.
സാധാരണ ജനവാസ മേഖലകളിൽ ലഭിക്കുന്നതിനേക്കാൾ അതിശക്തമായ മഴയാണ് വനത്തിനുള്ളിൽ പെയ്യുന്നത്. ഇതാണ് മലവെള്ളപ്പാച്ചിലിനും പുഴകളിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുന്നതിനും കാരണമാകുന്നത്. ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച ശക്തമായ ഒഴുക്ക് തിങ്കളാഴ്ചയും തുടർന്നു. പകൽ സമയത്താണ് തരിശ് – മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയത്. കൽക്കുണ്ട് മേഖലയിലെ ജനവാസ പ്രദേശങ്ങൾക്ക് സമീപത്തും അതിശക്തമായ തോതിലാണ് മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്.
മഴയുടെ തീവ്രത വർദ്ധിക്കുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതരും നാട്ടുകാരും നിർദ്ദേശിച്ചു. പെട്ടെന്ന് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പുഴകളിലോ തോടുകളിലോ ഇറങ്ങുന്നതും ഒഴുക്കുള്ള വെള്ളത്തിലൂടെ കടന്നുപോകുന്നതും വലിയ അപകടമുണ്ടാക്കും. പ്രദേശത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കേരളാംകുണ്ട് ഉൾപ്പെടെയുള്ള സാഹസിക ടൂറിസം മേഖലകളിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധുവീടുകളിലേക്കോ മാറിത്താമസിക്കാൻ പ്രദേശവാസികൾക്ക് അധികൃതർ നിർദ്ദേശം നൽകി.