55 ഡിഗ്രി ചൂട് ? ഫോൺ പൊട്ടിത്തെറിക്കും? ,പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം
ചൂട് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 55 ഡിഗ്രി വരെ ഉയരുമെന്നും ഫോണുകൾ പൊട്ടിത്തെറിക്കുമെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്
തിരുവനന്തപുരം: ചൂട് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 55 ഡിഗ്രി വരെ ഉയരുമെന്നും ഫോണുകൾ പൊട്ടിത്തെറിക്കുമെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. 'സിവിൽ ഡിഫൻസ് വകുപ്പിന്റെ' പേരിലുള്ള ഈ സന്ദേശങ്ങൾ ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന പേരിൽ പ്രത്യേക വകുപ്പില്ല. അഗ്നിരക്ഷാസേനയ്ക്ക് കീഴിലെ സന്നദ്ധ സേന മാത്രമാണിത്. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത്, തുറസായ സ്ഥലങ്ങളിൽ നിൽക്കരുത് തുടങ്ങിയ വ്യാജ നിർദേശങ്ങൾ വിശ്വസിക്കരുത്. വ്യാജവാർത്തകൾ ചമയ്ക്കുന്നതും പങ്കുവെക്കുന്നതും 2005ലെ ദുരന്തനിവാരണ നിയമം സെക്ഷൻ 54 പ്രകാരം കുറ്റകരമാണ്. ഔദ്യോഗിക വിവരങ്ങൾക്ക് KSDMA (സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ മാത്രം ആശ്രയിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി അറിയിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കുറിപ്പിങ്ങനെ:
ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, Section 54 അനുസരിച്ച് ശിക്ഷാർഹമാണ്.
ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.
കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല.
കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്.
ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ല.
മെംബർ സെക്രട്ടറി
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി