ചൂട് കനക്കുന്നു ; പാലക്കാട്ട് താപനില 40 ഡിഗ്രിയിലേക്ക് ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി നിലവിലില്ലെങ്കിലും താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ്
സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി നിലവിലില്ലെങ്കിലും താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും ചൂട് അസഹനീയമായി തുടരുന്നതിനാൽ പകൽ സമയങ്ങളിൽ ലോക്ഡൗണിന് സമാനമായ മുൻകരുതലുകൾ പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, ഉച്ചവെയിലിലെ ജോലി നിയന്ത്രണങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം വിളിച്ചു. രാവിലെ 11 മണിക്ക് ഓൺലൈനായി ചേരുന്ന യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത് തുടർനടപടികൾക്ക് രൂപം നൽകും.
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്. വിവിധ ജില്ലകളിലെ സാഹചര്യം വിലയിരുത്തിക്കൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം തീരുമാനമെടുക്കും.