ചൂടുയരുന്നു ; അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി

ഉഷ്ണതരംഗ സാഹചര്യവും ഉച്ചവെയിലിലെ ജോലി നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

 

പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ലോക്ഡൗണിന് സമാനമായ ജാഗ്രത പകല്‍ സമയങ്ങളില്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഉഷ്ണതരംഗ സാഹചര്യവും ഉച്ചവെയിലിലെ ജോലി നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ തുടര്‍നടപടികള്‍ യോഗം തീരുമാനിക്കും. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.