സംസ്ഥാനത്ത് ചൂട് കൂടുന്നു ..! യുവി സൂചികയിൽ ഒന്നാം സ്ഥാനത്ത് ഇടുക്കി, മുന്നറിയിപ്പ്
ചൂടിനൊപ്പം യുവി സൂചികയും വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് കൂടിവരികയാണ്. ചൂടിനൊപ്പം യുവി സൂചികയും വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കിയിലാണ് ഏറ്റവുമധികം യുവി കിരണങ്ങൾ രേഖപ്പെടുത്തിയത്. ഏഴാണ് ഇടുക്കിയിൽ രേഖപ്പെടുത്തിയ യുവി സൂചിക. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ ആറാണ് യുവി കിരണങ്ങൾ രേഖപ്പെടുത്തിയത്.
ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പൊതുജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
നിർദേശങ്ങൾ ഇങ്ങനെ...
പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. പരമാവധി ശുദ്ധജലം തന്നെ കുടിക്കാൻ ശ്രദ്ധിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
കുടയോ തൊപ്പിയോ ഉപയോഗിക്കുക, പാദരക്ഷകൾ ധരിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, ഓആർഎസ് ലായിനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക