ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും ഒരു ക്രിഞ്ച് കോമഡി മേയര്‍ പങ്കുവെക്കുന്നത് കേട്ടു, ബോറായിട്ടുണ്ട് ; മേയര്‍ വിവി രാജേഷിന് മറുപടിയുമായി ശബരീനാഥന്‍
കേന്ദ്ര ബജറ്റില്‍ തിരുവനന്തപുരത്തിന് വമ്പിച്ച വികസനപദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് എന്തായി?
ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് സമയമല്ലേ, അതുകൊണ്ട് ഓര്‍ത്തെടുത്തതാണ്, നിങ്ങള്‍ ഉറപ്പുനല്‍കിയ ഒളിമ്പിക്‌സ് വേദി എന്തായി? എന്നും ശബരി ഫേസ്ബുക്കില്‍ കുറിച്ചു.
പരിഹസിച്ച തിരുവനന്തപുരം മേയര്‍ വി വി രാജേഷിന് അതേനാണയത്തില്‍ മറുപടി നല്‍കി കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍. ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും ഒരു ക്രിഞ്ച് കോമഡി മേയര്‍ പങ്കുവെക്കുന്നത് കേട്ടു. പറയാതിരിക്കാന്‍ വയ്യ, നല്ല ബോറായിട്ടുണ്ടെന്ന് ശബരി ഫേസ്ബുക്കില്‍ കുറിച്ചു. അതിനിടയില്‍ ഒന്നു ചോദിച്ചോട്ടെ, നഗരസഭയില്‍ ഭരണത്തിലേറിയാല്‍ 45 ദിവസത്തിനകം മാസ്റ്റര്‍പ്ലാന്‍ കൊണ്ടുവരുമെന്ന് പറഞ്ഞത് എന്തായി? കേന്ദ്ര ബജറ്റില്‍ തിരുവനന്തപുരത്തിന് വമ്പിച്ച വികസനപദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് എന്തായി? ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് സമയമല്ലേ, അതുകൊണ്ട് ഓര്‍ത്തെടുത്തതാണ്, നിങ്ങള്‍ ഉറപ്പുനല്‍കിയ ഒളിമ്പിക്‌സ് വേദി എന്തായി? എന്നും ശബരി ഫേസ്ബുക്കില്‍ കുറിച്ചു.
മേയറുടെ വാക്കുകളിങ്ങനെ,
കാപ്പ കേസില്‍ കൗണ്‍സിലര്‍ സുഗതന്‍ ജയിലിലായ പശ്ചാത്തലത്തില്‍ യു ഡി എഫിന്റെ അവിശ്വാസ നീക്കത്തിന് മറുപടിയുമായാണ് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് രംഗത്ത് വന്നത്. നാളെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജനറല്‍ കൗണ്‍സില്‍ യോഗം ചേരുമെന്നും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ നേരിടുമെന്നും വി വി രാജേഷ് വ്യക്തമാക്കി. ആകെ 101 സീറ്റുകളില്‍ 50 സീറ്റുകള്‍ നേടിയാണ് ബി ജെ പി കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നതെന്നും ജനാധിപത്യപരമായ അവിശ്വാസ പ്രമേയം ഉള്‍പ്പെടെയുള്ള എല്ലാ നീക്കങ്ങളെയും പ്രതീക്ഷിച്ചും നേരിട്ടുമാണ് ഭരണം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
സി പി എം നേതാക്കളാണ് കോര്‍പ്പറേഷന്റെ പല സ്വത്തുക്കളും നിലവില്‍ കൈകാര്യം ചെയ്യുന്നതെന്നും അതില്‍ നിന്നുള്ള വരുമാനം അവര്‍ സ്വന്തമാക്കുകയാണെന്നും രാജേഷ് കടുത്ത ആരോപണമുന്നയിച്ചു. ഈ വരുമാന ചോര്‍ച്ചയുടെ അടിവേരറുക്കാന്‍ ബി ജെ പി ഭരണസമിതി തീരുമാനിച്ചതോടെ സി പി എം വലിയ അങ്കലാപ്പിലാണ്. കോണ്‍ഗ്രസിന്റെ അവിശ്വാസ നീക്കത്തെ പരിഹസിച്ച മേയര്‍, കേരളത്തിലും 'ഇന്ത്യ' മുന്നണി യാഥാര്‍ത്ഥ്യമാകുന്നതിന്റെ സൂചനകളാണ് കാണുന്നതെന്നും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ശബരിനാഥ് ആന്തൂറിയം പൂവുമായി മഴയത്ത് നില്‍ക്കുകയാണ്. സി പി എം നേതാവായ എസ് പി ദീപക്ക് അവലോസുണ്ട നല്‍കുന്നില്ല. ജില്ലാ സെക്രട്ടറി വി ജോയി പിന്നില്‍ നിന്ന് പിടിക്കുകയാണ്. എത്രയും വേഗം അവരുടെ പ്ലാന്‍ പറഞ്ഞാല്‍ നമുക്ക് മുന്നോട്ടുപോകാമായിരുന്നുവെന്നും മേയര്‍ പരിഹസിച്ചു.