കേരളത്തിന്റെ ആരോഗ്യരംഗത്തെ മികച്ച നേട്ടം തന്നെ സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്നതിന് തടസ്സമാകുന്നതെങ്ങനെ ; ഹൈക്കോടതി 

കേരളത്തിന്റെ ആരോഗ്യരംഗത്തെ മികച്ച നേട്ടം തന്നെ സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്നതിന് തടസ്സമാകുന്നതെങ്ങനെയെന്ന് ഹൈക്കോടതി. കേരളത്തിൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അനുകൂലമായ തീരുമാനം എടുക്കണമെന്ന് നിർദേശിച്ച കോടതി, ആറാഴ്ചയ്ക്കുള്ളിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ്

 

 കൊച്ചി: കേരളത്തിന്റെ ആരോഗ്യരംഗത്തെ മികച്ച നേട്ടം തന്നെ സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്നതിന് തടസ്സമാകുന്നതെങ്ങനെയെന്ന് ഹൈക്കോടതി. കേരളത്തിൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അനുകൂലമായ തീരുമാനം എടുക്കണമെന്ന് നിർദേശിച്ച കോടതി, ആറാഴ്ചയ്ക്കുള്ളിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രനിലപാടിനെ ചോദ്യം ചെയ്തത്. കേരളം ആരോഗ്യരംഗത്ത് മുന്നിലെത്തിയെന്നത് എയിംസിനുള്ള പരിഗണന കുറയ്ക്കാനുള്ള കാരണമാകരുതെന്നാണ് കോടതിയുടെ നിരീക്ഷണം.

എയിംസിനായി കോഴിക്കോട് കിനാലൂരിൽ 200 ഏക്കർ സ്ഥലം കണ്ടെത്തിയ കാര്യം കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ എങ്ങനെയാണ് എയിംസ് അനുവദിച്ചതെന്നും, സ്വകാര്യ മേഖലയിലെ വലിയ ആശുപത്രികളിലെ ചികിത്സ എല്ലാവർക്കും താങ്ങാനാകുമോയെന്നും കോടതി ചോദിച്ചു. കേരളത്തിലെ എയിംസ് നിർദേശം നാല് വർഷമായി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം, ആരോഗ്യരംഗത്തെ കേരളത്തിന്റെ മികച്ച നേട്ടം എയിംസ് അനുവദിക്കുന്നതിന് തടസ്സമല്ലെന്നും, മുൻഗണന നിശ്ചയിക്കുമ്പോൾ ആ നേട്ടം പരിഗണിക്കുന്നുവെന്നുമായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലീനയുടെ വിശദീകരണം.

എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നതാണ് കേന്ദ്രത്തിന്റെ നിലപാടെന്നും, കേരളത്തിൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രമന്ത്രിസഭ ഇതുവരെ തത്ത്വത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്രനിലപാട് വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടു. എയിംസ് പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. അതിനിടെയാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടം തന്നെ എയിംസിന് തടസ്സമാകുന്നുവെന്ന തരത്തിലുള്ള കേന്ദ്ര നിലപാടിനെ കോടതി ചോദ്യം ചെയ്തത്.

അതേസമയം, ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും കേരളം കൈവരിച്ച മികവിന്റെ പേരിൽ എയിംസ് അനുവദിക്കാതിരിക്കുന്നത് സംസ്ഥാനത്തോടുള്ള ചിറ്റമ്മ നയമാണെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ ആരോപിച്ചു. മികവ് കൈവരിച്ചിട്ടുണ്ടെങ്കിൽ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും, അതിനെ തിരിച്ചടിക്കാനുള്ള കാരണമാക്കുന്നത് യുക്തിസഹമല്ലെന്നും അദ്ദേഹം പറഞ്ഞു. എയിംസോ ഐ.ഐ.ടിയോ പോലുള്ള സ്ഥാപനങ്ങൾ കേരളത്തിന് ആവശ്യമില്ലെന്ന് പറയുന്നത് ശരിയല്ലെന്നും കെമാൽ പാഷ അഭിപ്രായപ്പെട്ടു. കേരളത്തിൽ ബി.ജെ.പി.ക്ക് ഭരണമില്ലാത്തതാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നും, കേന്ദ്രമന്ത്രി കേരളത്തിൽനിന്ന് ജയിച്ചെത്തിയപ്പോൾ എയിംസ് ഉടൻ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി കേന്ദ്രത്തിന്റെ വിശദീകരണത്തിന് ആറാഴ്ച സമയം നൽകിയതോടെ കേരളത്തിന്റെ എയിംസ് ആവശ്യത്തിൽ ഇനി കേന്ദ്രത്തിന്റെ നിലപാടാണ് നിർണായകമാകുന്നത്.