സർക്കാർ ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റം ; കർശന നടപടിയുമായി ആരോഗ്യ മന്ത്രി

 സർക്കാർ ആശുപത്രികളിൽ എത്തുന്ന സാധാരണക്കാരോട് ജീവനക്കാർ കാണിക്കുന്ന മോശം പെരുമാറ്റത്തിനും ആശയവിനിമയത്തിലെ പാളിച്ചകൾക്കും അന്ത്യം കുറിക്കാൻ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്.

 

 സർക്കാർ ആശുപത്രികളിൽ എത്തുന്ന സാധാരണക്കാരോട് ജീവനക്കാർ കാണിക്കുന്ന മോശം പെരുമാറ്റത്തിനും ആശയവിനിമയത്തിലെ പാളിച്ചകൾക്കും അന്ത്യം കുറിക്കാൻ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ഡോക്ടർമാർ ഒഴികെയുള്ള മുഴുവൻ ജീവനക്കാർക്കും നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. ആശുപത്രികളെ പൂർണ്ണമായും രോഗീസൗഹൃദമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

രോഗികളോടും കൂട്ടിരിപ്പുകാരുമായും എങ്ങനെ മാന്യമായി പെരുമാറണം എന്നത് സംബന്ധിച്ച് കൃത്യമായ പരിശീലനമാണ് നൽകുന്നത്.

  മാസ്റ്റർ ട്രെയിനർമാർ: മെഡിക്കൽ കോളേജുകളിൽ നാല് ഉദ്യോഗസ്ഥരെ വീതം കണ്ടെത്തി അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെന്റർ മുഖേന പരിശീലനം നൽകും. ജില്ലാതല ആശുപത്രികൾക്കായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ വഴിയും പരിശീലനം നൽകും.

ബാച്ചുകൾ: ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ പത്ത് പേരടങ്ങുന്ന ബാച്ചുകളായി പത്തുദിവസം നീളുന്നതായിരിക്കും പരിശീലന പരിപാടി.

സുരക്ഷാ ജീവനക്കാർക്ക് മുൻഗണന: രോഗികളുമായി ആദ്യം മുഖാമുഖം വരുന്ന സുരക്ഷാ ജീവനക്കാർക്ക് ഈ പരിശീലനത്തിൽ പ്രത്യേക ശ്രദ്ധ നൽകും. കരാർ, താൽക്കാലിക, ഔട്ട്‌സോഴ്‌സിംഗ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ നിർബന്ധമായും പരിശീലനം പൂർത്തിയാക്കണം. പരിശീലനം പൂർത്തിയാക്കാത്ത ഒരു സുരക്ഷാ ജീവനക്കാരനെയും ജോലി തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലെയും അർഹരായ മുഴുവൻ ജീവനക്കാരും പരിശീലനം പൂർത്തിയാക്കണമെന്നാണ് കർശന നിർദ്ദേശം. ആശുപത്രികളിലെ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മാതൃകാപരമായ നീക്കം.