ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളെ ശല്യം ചെയ്തത് ചോദിക്കാന്‍ പോയി ; തര്‍ക്കത്തിനൊടുവില്‍ കൊലപാതകം

ഈ മാസം അഞ്ചാം തീയതിയാണ് തണ്ണീര്‍മുക്കം സ്വദേശിയായ സന്തോഷിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

 

കൊല്ലാന്‍ ഉദ്ദേശിച്ചായിരുന്നില്ല മര്‍ദ്ദനം എന്ന് പ്രതി പോലീസിനോട് പറഞ്ഞു.

ആലപ്പുഴ തണ്ണീര്‍മുക്കത്തെ മധ്യവയസ്‌കന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളെ ശല്യം ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവാണ് തണ്ണീര്‍മുക്കം സ്വദേശി സന്തോഷിനെ കൊന്നതെന്ന് പോലീസ്. സന്തോഷിന്റെ സമീപവാസിയായ പ്രതി സ്റ്റേഷനില്‍ എത്തി കീഴടങ്ങി. മകളെ ശല്യം ചെയ്തു എന്ന പരാതിയുമായി പ്രതി പോലീസിനെ സമീപിച്ചിരുന്നു. ഈ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടയായിരുന്നു കൊലപാതകം. മകളെ ശല്യം ചെയ്തത് ചോദിക്കാനായി പ്രതി സന്തോഷിന്റെ വീട്ടിലെത്തി.


അവിടെവച്ച് ഉണ്ടായ വാക്കുതര്‍ക്കത്തിന് ഒടുവില്‍ സന്തോഷിനെ മുളവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൊല്ലാന്‍ ഉദ്ദേശിച്ചായിരുന്നില്ല മര്‍ദ്ദനം എന്ന് പ്രതി പോലീസിനോട് പറഞ്ഞു. സന്തോഷ് മരിച്ചത് അറിഞ്ഞ് ഒളിവില്‍ പോയ പ്രതി രാവിലെ ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് തണ്ണീര്‍മുക്കം സ്വദേശിയായ സന്തോഷിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.