മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വീണയ്ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
 

മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

വീണയ്ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ പരാതിക്കാരന്റെ വാദം കഴിഞ്ഞ തവണ പൂര്‍ത്തിയായിരുന്നു. കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. തന്റെ വാദം കേള്‍ക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളിയത്. തന്റെ വാദം കൂടി കേട്ട് വിജിലന്‍സ് കോടതി തീരുമാനമെടുക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള ആരോപണം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നത്.