പരുന്തിന്റെ ആക്രമണം ഭയന്ന് വീടിനു പുറത്തിറങ്ങാൻ പറ്റാതെ ഒരു പ്രദേശം

 

പത്തനംതിട്ട/ അടൂർ :പരുന്തിന്റെ ആക്രമണം ഭയന്ന് വീടിനു പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് അടൂർ ചാല പ്രദേശത്തുള്ളവർ . പരുന്തിനെ ഭയന്ന് പലരും പകൽസമയം മുറ്റത്ത് ഇറങ്ങാറില്ല. ചാല ശ്രീമംഗലം അനിൽകുമാറിന്റെ  മാതാവ് രാജമ്മ (75) മകൻ ആദർശ് (14) ഭാര്യ മാതാവ് ജലജ (55) എന്നിവർക്ക് പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആദർശ് സമീപത്തെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കളിക്കാൻ പോകുമ്പോൾ പിന്തുടർന്നുവന്ന് ആക്രമിക്കാറുണ്ട്. പരുന്തിനെ ഭയന്ന് ഹെൽമെറ്റും ഓവർകോട്ടും ഒക്കെ ഇട്ടാണ് ആൾക്കാർ പുറത്തിറങ്ങുന്നത്. 

സമീപത്തെ മരത്തിൽ വന്നിരിക്കുന്ന പരുന്ത് പതുങ്ങി എത്തി പുറകിലൂടെയാണ് ആക്രമിക്കുന്നത്. മുഖത്ത് കൊത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ചിറകിട്ടടിച്ചതുമൂലം രാജമ്മയുടെ കൈക്കും മൂക്കിനും മുറിവുണ്ടായി. ഇതിനെത്തുടർന്ന് സ്ത്രീകളെയും കുട്ടികളെയുമാണ് പരുന്ത് ആക്രമിക്കാറുള്ളത്. പുറകിലൂടെ വന്ന് കൊത്തിയിട്ട് പറന്നു പോകുന്നതിനാൽ പ്രതിരോധിക്കാനും കഴിയാത്ത സ്ഥിതിയാണുള്ളത്. വലിപ്പമുള്ള പരുന്തുകൾ ആണ് ഇവിടെ ഉള്ളതെന്ന് രാജമ്മ പറഞ്ഞു. പുലർച്ചെ വന്നിരിക്കുന്ന പരുന്ത് വൈകിട്ട് ആറ് മണി വരെ വീടിന്റെ മുന്നിൽ തന്നെ ഉണ്ടാകും. 

സ്കൂളിൽ പോകാൻ വീടിനു പുറത്തിറങ്ങാൻ പോലും കുട്ടികൾക്ക് ഭയമാണ്. ചാല മണിമന്ദിരം അർജുൻ (15) ന് നേരെയും ആക്രമണമുണ്ടായി. മേലൂട് വൈറ്റ്പേൾ ശുഭയേയും പരുന്തുകൾ പറന്നു കൊത്താൻ ശ്രമിച്ചിട്ടുണ്ട്. അഞ്ചിലധികം പരുന്തുകൾ ഒരേസമയം വീട്ടുമുറ്റത്ത് എത്താറുണ്ടെന്ന് ശുഭ പറഞ്ഞു .പരുന്തിൽ നിന്ന് രക്ഷപ്പെടുവാൻ ഇവർ പടക്കം വാങ്ങി പൊട്ടിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അവയുടെ ശല്യം പഞ്ചായത്ത്, വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. പരുന്തിനെ പിടികൂടിയ ശേഷം അറിയിക്കാനാണ് വനം വകുപ്പുദ്യോഗസ്ഥർ ഇവരോട് പറഞ്ഞത്.
.
ഈ പ്രദേശത്ത് നിന്നും രണ്ട് പരുന്തുകളെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥരെ ഏല്പിച്ചിരുന്നു.  മുറ്റത്ത് മീൻ കഴുകി വൃത്തിയാക്കുമ്പോഴും  തുണി അലക്കുമ്പോഴും ഇവ പറന്ന് എത്താറുണ്ട്. വീടിനു ചുറ്റുമുള്ള മരങ്ങളിൽ വന്നിരിക്കുന്ന പരുന്ത് ശബ്ദമുണ്ടാക്കാതെ ആണ് ആളുകളുടെ അടുത്തെത്തുന്നത് .വന്ന് കൊത്തി കഴിയുമ്പോഴാണ് പരുന്തിനെ കാണുന്നത് .ജനൽ തുറന്നിടുമ്പോൾ മുറിക്കുള്ളിൽ കയറാനും ശ്രമിക്കുന്നുണ്ട്. ജനൽ പാളിയ്ക്കരുകിൽ എത്തി ചിറകിട്ടടിച്ച് ശബ്ദം ഉണ്ടാക്കാറും ഉണ്ട്. രാവിലെ എത്തുന്ന പരുന്ത് വൈകുന്നേരം വരെ വീടിനുചുറ്റും പറന്നുനടക്കുന്ന സ്ഥിതിയാണുള്ളത്. പരുന്ത് കൊത്തിയത് മൂലം പലർക്കും പേവിഷബാധയ്ക്കെതിരെ കുത്തിവയ്പ് എടുക്കേണ്ടി വന്നു. സമീപത്തുള്ള മരങ്ങളിൽ പരുന്തിന്റെ കൂടുണ്ട്.ഭീതിപരത്തി ഈ പ്രദേശത്ത് പറന്നുനടക്കുന്ന പരിധികളെ പിടികൂടാൻ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .