മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ‘ഹാസ്യശ്രീ’ ആണ് മാഞ്ഞുപോയത്, ശ്രീനിവാസന്റെ ഡയലോഗ് പറയാതെ മലയാളിയുടെ ഒരുദിവസം കടന്നുപോവില്ല ; കെ.ബി. ഗണേഷ് കുമാർ

 

മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസന്റെ വേർപാടിൽ വികാരാധീനനായി അനുശോചനം രേഖപ്പെടുത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ‘ഹാസ്യശ്രീ’ ആണ് മാഞ്ഞുപോയതെന്നും, ഈ വിടവ് ഒരിക്കലും നികത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളിയാണെങ്കിലും, ഒരു ദിവസമെങ്കിലും ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് ഓർക്കാതെയോ പറയാതെയോ കടന്നുപോകില്ല.

താനുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഒരു സഹോദരനെയാണ് നഷ്ടമായതെന്ന് ഗണേഷ് കുമാർ പറഞ്ഞു. “ദാസാ, ഓരോന്നിനും അതിന്റേതായ സമയമുണ്ട് മോനേ…” തുടങ്ങി മലയാളികൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന എണ്ണമറ്റ ഡയലോഗുകൾ അദ്ദേഹം ഓർമ്മിപ്പിച്ചു. ശ്രീനിവാസന്റെ ഓരോ രചനകളും കേവലം ചിരി മാത്രമല്ല, മലയാളികളെ ആഴത്തിൽ ചിന്തിപ്പിക്കുക കൂടി ചെയ്തിട്ടുണ്ടെന്നും, ഇനി ഇതുപോലൊരു കലാകാരനെ ലഭിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.