പെരുമാറ്റച്ചട്ടത്തിന് മുൻപേ എംവിഡിയിൽ തിടുക്കപ്പെട്ട സ്ഥലംമാറ്റങ്ങൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിന് മണിക്കൂറുകൾ മുൻപേ മോട്ടോർവാഹനവകുപ്പിൽ സ്ഥലംമാറ്റപ്പെരുമഴ. എൻഫോഴ്‌സ്‌മെന്റ്, മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്ഥലംമാറ്റപ്പട്ടികയാണ് ഇറക്കിയിട്ടുള്ളത്.98 മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാർക്കാണ് ആദ്യപട്ടികയിൽ സ്ഥലംമാറ്റം. ഇവർ തിങ്കളാഴ്ച രാവിലെ ജോലിയിൽ പ്രവേശിക്കണമെന്നാണ് നിർദേശം. 105 അസി. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരെയും 145 മിനിസ്റ്റീരിയൽ ജീവനക്കാരെയും സ്ഥലംമാറ്റിയിട്ടുണ്ട്. അവധിദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിലാണ് ഉത്തരവുകൾ പുറത്തുവന്നിട്ടുള്ളതെങ്കിലും വെള്ളിയാഴ്ചത്തെ തീയതിയാണ് ഉത്തരവുകളിലുള്ളത്.
തെക്കൻ ജില്ലകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ വടക്കൻ ജില്ലകളിലെ ഓഫീസുകളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ജോലിചെയ്യുന്ന ഓഫീസിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അന്നേദിവസം പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കുക പ്രായോഗികമല്ല. ഭരണപരമായ സൗകര്യത്തിനായി എന്നപേരിൽ ഒട്ടേറെ ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ട്. ഇതിൽ മാനദണ്ഡം പാലിച്ചിട്ടില്ലെന്നാണ് ആരോപണം.