ചിത്തിര ഉത്സവത്തിന് കൂടുതല്‍ ആനകളെ വിട്ടുനല്‍കുന്നതിൽ വിമുഖത കാട്ടി ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ചിത്തിര ഉത്സവത്തിന് കൂടുതല്‍ ആനകളെ വിട്ടുനല്‍കാന്‍ തയ്യാറാകാതെ ദേവസ്വം ബോര്‍ഡ്. സാധാരണ കൊടിയേറ്റ് മുതല്‍ ആറാട്ട് വരെയുള്ള 37 ക്ഷേത്ര ചടങ്ങുകള്‍ക്ക് ഒമ്പത് ആനകളെയാണ് എഴുന്നള്ളിക്കുക.
 

ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ  ചിത്തിര ഉത്സവത്തിന് കൂടുതല്‍ ആനകളെ വിട്ടുനല്‍കാന്‍ തയ്യാറാകാതെ ദേവസ്വം ബോര്‍ഡ്. സാധാരണ കൊടിയേറ്റ് മുതല്‍ ആറാട്ട് വരെയുള്ള 37 ക്ഷേത്ര ചടങ്ങുകള്‍ക്ക് ഒമ്പത് ആനകളെയാണ് എഴുന്നള്ളിക്കുക. മുന്‍വര്‍ഷങ്ങളില്‍ നാല് ആനകളെ ദേവസ്വം ബോര്‍ഡ് വിട്ടുനല്‍കിയിരുന്നു. ബാക്കി ആനകളുടേയും ഉത്സവത്തിന്റേയും ചെലവ് ഭക്തജനങ്ങളില്‍ നിന്ന് പിരിവെടുത്താണ് കണ്ടെത്തിയിരുന്നത്.

എന്നാല്‍ ഇത്തവണ ഒരാനയെ മാത്രമേ വിട്ടുനല്‍കാന്‍ കഴിയൂ എന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും  രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഭക്തജനങ്ങളുടെ പൊതുയോഗം വിളിച്ചുചേര്‍ത്ത് ഉപദേശകസമിതി രാജിവെക്കുമെന്നും ഉപദേശകസമിതി ഭാരവാഹികള്‍ പറയുന്നു.  

ക്ഷേത്രത്തില്‍ സ്ഥിരം ദേവസ്വം മാനേജര്‍ ഇല്ലാത്തതാണ് ഉത്സവം നടത്തിപ്പിന് ബുദ്ധിമുട്ട് നേരിടാന്‍ കാരണമെന്നും പരാതിയുണ്ട്. അതേസമയം ആനകളെ വിട്ടുനൽകാൻ തയ്യാറാകാത്ത ദേവസ്വം ബോര്‍ഡിന്റെ നടപടിയ്‌ക്കെതിരെ ഭക്തര്‍ക്കിടയിൽ വലിയ  പ്രതിഷേധമാണ് ഉയരുന്നത് . ചിത്തിര ഉത്സവത്തിന് വിഷുദിനത്തിലാണ് കൊടിയേറുക.