ഹരിപ്പാട് പോഷകാഹാര കുറവിനെ തുടര്‍ന്ന് 2 വയസ്സുകാരന്‍ മരിച്ച സംഭവം; മറ്റ് 4 കുട്ടികളെ കൂടി ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും

രാഹുലിന്റെ ശരീരഭാരം വെറും 7 കിലോഗ്രാം മാത്രമായിരുന്നു.

 

രാഹുലിന്റെ മരണം തൂക്കക്കുറവ് കൊണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ഹരിപ്പാട് കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാര കുറവിനെ തുടര്‍ന്ന് രണ്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മറ്റ് നാല് കുട്ടികളെ കൂടി ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. കാര്‍ത്തികപ്പള്ളി വില്ലേജില്‍ വലിയകുളങ്ങര തൈമൂട്ടില്‍ രാജേഷ്-താര ദമ്പതികളുടെ മകന്‍ രാഹുല്‍ ആണ് മരിച്ചത്. ബാലാവകാശ കമ്മീഷന്‍ പൊലീസില്‍ നിന്ന് വിവരങ്ങള്‍ തേടി. രാഹുലിന്റെ സഹോദരങ്ങളായ മറ്റ് നാല് പെണ്‍കുട്ടികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍ പരിശോധന ഉടന്‍ തന്നെ ഉണ്ടാകും.

രാഹുലിന്റെ മരണം തൂക്കക്കുറവ് കൊണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിക്ക് പോഷകാഹാരക്കുറവ് ഉണ്ടായിരുന്നെന്നും ഇത് ആരോ?ഗ്യാവസ്ഥ വഷളാക്കി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു വയസ്സുള്ള ഒരു കുട്ടിക്ക് സാധാരണ 12 കിലോഗ്രാം ഭാരം ആവശ്യമായിരിക്കെ, രാഹുലിന്റെ ശരീരഭാരം വെറും 7 കിലോഗ്രാം മാത്രമായിരുന്നു.

ഞായറാഴ്ച രാവിലെയാണ് കുട്ടിയെ വീട്ടിനുള്ളില്‍ അബോധാവസ്ഥയിലും പിന്നീട് മരിച്ച നിലയിലും കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ രക്തക്കുറവും കടുത്ത വിളര്‍ച്ചയും ഉണ്ടായിരുന്നതായും ആവശ്യത്തിന് ആഹാരവും പരിചരണവും ലഭിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുട്ടി മരിക്കുന്ന സമയത്ത് മാതാവ് താര ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. തലേദിവസം വൈകുന്നേരത്തോടെ താരയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മൂന്ന് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമടക്കം ഏഴ് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. ഇവരില്‍ മറ്റ് കുട്ടികള്‍ക്ക് 10, 7, 5, 3 എന്നിങ്ങനെയാണ് പ്രായം. ഇതിനിടെ, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇപ്പോള്‍ മരണപ്പെടുന്നത്.