റെക്കോര്‍ഡ് വിവാഹത്തിരക്കിനൊപ്പം വിവാഹ രജിസ്‌ട്രേഷന്‍ വേഗത്തിലാക്കി ഗുരുവായൂര്‍ നഗരസഭ
റെക്കോര്‍ഡ് വിവാഹത്തിരക്കിനൊപ്പം വിവാഹ രജിസ്‌ട്രേഷന്‍ വേഗത്തിലാക്കി ഗുരുവായൂര്‍ നഗരസഭ. ക്ഷേത്രത്തിലെ വിവാഹത്തിരക്ക് കണക്കിലെടുത്ത് കിഴക്കേ നടയിലെ വിവാഹ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയത്.
തൃശൂര്‍: റെക്കോര്‍ഡ് വിവാഹത്തിരക്കിനൊപ്പം വിവാഹ രജിസ്‌ട്രേഷന്‍ വേഗത്തിലാക്കി ഗുരുവായൂര്‍ നഗരസഭ. ക്ഷേത്രത്തിലെ വിവാഹത്തിരക്ക് കണക്കിലെടുത്ത് കിഴക്കേ നടയിലെ വിവാഹ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയത്. പതിവിലും ഒരു മണിക്കൂര്‍ നേരത്തെയായി രാവിലെ ആറിന് തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ ആദ്യ അപേക്ഷകര്‍ക്ക് ഫോം കൈമാറിയാണ് നടപടികള്‍ക്ക് തുടക്കമിട്ടത്. ചെയര്‍പേഴ്‌സന്റെയും സെക്രട്ടറി എച്ച്. അഭിലാഷ് കുമാറിന്റെയും നേതൃത്വത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതോടെ രജിസ്‌ട്രേഷന്‍ സേവനം വേഗത്തില്‍ ലഭ്യമാക്കാനായി.
വിവാഹ രജിസ്ട്രാര്‍ സി.എം. ആസിയ, സബ് രജിസ്ട്രാര്‍ സി. ലക്ഷ്മി എന്നിവരോടൊപ്പം നഗരസഭാ ജീവനക്കാരും കുടുംബശ്രീ ഓണ്‍ലൈന്‍ സര്‍വീസ് സെന്റര്‍ ജീവനക്കാരും സാക്ഷരതാ പ്രേരക്മാരും സേവനത്തിനായി രംഗത്തുണ്ടായിരുന്നു. വൈസ് ചെയര്‍മാന്‍ കെ.കെ. ജ്യോതിരാജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനൂപ് വി. എന്നിവരും സന്നിഹിതരായിരുന്നു. റെക്കോര്‍ഡ് വിവാഹങ്ങളുടെ തിരക്കിനിടയിലും നടപടികള്‍ വൈകാതിരിക്കാന്‍ നടത്തിയ ക്രമീകരണങ്ങളുടെ ഭാഗമായി 62 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് അപ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു. വിവാഹത്തിരക്കിനൊപ്പം രജിസ്‌ട്രേഷനും 'റെക്കോര്‍ഡ് വേഗത്തില്‍' പൂര്‍ത്തിയാക്കിയതോടെ നഗരസഭയുടെ പ്രത്യേക ക്രമീകരണം ശ്രദ്ധേയമായി.