നവ കേരള സദസിനിടെ ഗണ്‍മാന്‍മാരുടെ ' രക്ഷാ പ്രവര്‍ത്തനം' ; സസ്‌പെന്‍ഡ് ചെയ്‌തേക്കും
ഇരുവരെയും മാറ്റിനിര്‍ത്തി അന്വേഷണം നടത്താനുളള തീരുമാനത്തിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.
നിലവിലെ 'ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട്' അംഗീകരിക്കേണ്ട എന്ന തീരുമാനത്തിലേക്കും കടക്കും.
നവകേരള സദസിനിടെ ഉണ്ടായ 'രക്ഷാപ്രവര്‍ത്തന'ത്തില്‍ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരെ സസ്പെന്‍ഡ് ചെയ്തേക്കും. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ക്കാണ് കുരുക്ക്. നവകേരള സദസിനിടെ ഉണ്ടായ മര്‍ദനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴയിലെ നിയുക്ത എംഎല്‍എ എ ഡി തോമസ് പരാതി നല്‍കും. പരാതി ലഭിച്ചാലുടന്‍ സസ്പെന്‍ഷന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. ഇരുവരെയും മാറ്റിനിര്‍ത്തി അന്വേഷണം നടത്താനുളള തീരുമാനത്തിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.
നിലവിലെ 'ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട്' അംഗീകരിക്കേണ്ട എന്ന തീരുമാനത്തിലേക്കും കടക്കും. പുതിയ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് എ ഡി തോമസിന്റെ നീക്കം. മര്‍ദ്ദന ദൃശ്യങ്ങള്‍ കിട്ടിയില്ല എന്നായിരുന്നു ആദ്യ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. അതിനിടെ അനില്‍കുമാറിന് സി ഐ തസ്തികയിലേക്ക് സ്ഥാനക്കയറ്റവും നല്‍കിയിരുന്നു.
രക്ഷാപ്രവര്‍ത്തനം നടത്തിയ കേസില്‍ അനില്‍ കുമാറിനും സന്ദീപിനും ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അതിനെതിരെ യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും നല്‍കിയ തടസഹര്‍ജി പരിഗണിച്ച് കോടതി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തളളുകയും തുടരന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 2023 ഡിസംബര്‍ പതിനഞ്ചിനാണ് ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപത്തുവെച്ച് കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്രൂര മര്‍ദനമേറ്റത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ചതിനായിരുന്നു മര്‍ദ്ദനം.