പത്തനംതിട്ടയില്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥി പോകില്ലെന്ന വിശ്വാസം;  ഗ്രീഷ്മയുടെ വ്യാജ ഹാൾട്ടിക്കറ്റിൽ ജിത്തുവിന്റെ ഒരു വർഷത്തെ അധ്വാനം

പത്തനംതിട്ടയിൽ  നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി പിടിയിലായ സംഭവത്തില്‍, ഹാള്‍ടിക്കറ്റ് 
 തയ്യാറാക്കി നല്‍കിയ അക്ഷയ സെന്റര്‍ ജീവനക്കാരിയെ പോലീസ് പിടികൂടി. നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി തിരുപുറം സ്വദേശി ഗ്രീഷ്മയെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തത്.
 

നെയ്യാറ്റിന്‍കര: പത്തനംതിട്ടയിൽ  നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി പിടിയിലായ സംഭവത്തില്‍, ഹാള്‍ടിക്കറ്റ് 
 തയ്യാറാക്കി നല്‍കിയ അക്ഷയ സെന്റര്‍ ജീവനക്കാരിയെ പോലീസ് പിടികൂടി. നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി തിരുപുറം സ്വദേശി ഗ്രീഷ്മയെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തത്. നാലുമാസം മുമ്പാണ് ഗ്രീഷ്മ നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററില്‍ ജോലിക്ക് കയറിയത്. സംഭവത്തില്‍, ആദ്യം പിടിയിലായ വിദ്യാര്‍ഥി ഡി.ആര്‍. ജിത്തു കുറ്റക്കാരനല്ലാത്തതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കാനുള്ള റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.

പാറശാല പരശുവയ്ക്കല്‍ സ്വദേശിയായ വിദ്യാര്‍ഥി ഡി.ആര്‍. ജിത്തു (20)വിന്റെ അമ്മയുടെ പരിചയക്കാരിയാണ് ഗ്രീഷ്മ. പരീക്ഷയ്ക്ക് അപേക്ഷിക്കണമെന്ന് ഗ്രീഷ്മയോട് പറഞ്ഞിരുന്നെന്നും ഇതിനായി 1800 രൂപ ഗൂഗിള്‍പേയിലൂടെ നല്‍കിയെന്നും ജിത്തുവിന്റെ അമ്മ പറഞ്ഞു. പിന്നീട് ഹാള്‍ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍, വാട്‌സാപ്പിലൂടെ പിഡിഎഫ് ആയി അയച്ചുനല്‍കി. കാരക്കോണത്തുള്ള കംപ്യൂട്ടര്‍ സെന്ററില്‍ ഇതിന്റെ പ്രിന്റെടുത്താണ് പത്തനംതിട്ടയില്‍ പരീക്ഷയെഴുതാനെത്തിയത്.

സമയത്ത് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ മറന്ന ഗ്രീഷ്മ, ജിത്തുവിന്റെ അമ്മ ആവശ്യപ്പെട്ടപ്പോള്‍ ആ സെന്ററില്‍ത്തന്നെ അപേക്ഷിച്ച പൂവാര്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ ഹാള്‍ ടിക്കറ്റ് എഡിറ്റ് ചെയ്തു. ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ കഴിഞ്ഞതവണ പരീക്ഷ നടന്ന പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കണ്ടെത്തി. ഇത് പരീക്ഷാ സെന്ററായി കാണിച്ചു. എന്നാല്‍, അവിടെ ഇത്തവണ പരീക്ഷയില്ലായിരുന്നു.

പത്തനംതിട്ടയില്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥി പോകില്ലെന്ന വിശ്വാസത്തിലാണ് അവിടത്തെ ഒരു സ്‌കൂള്‍ സെന്ററായിവെച്ച് വ്യാജ ഹാള്‍ടിക്കറ്റ് നല്‍കിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ഹാള്‍ ടിക്കറ്റിന്റെ പ്രധാന ഭാഗത്ത് ജിത്തുവിന്റെ പേരും ഇതിലെ ഡിക്ലറേഷന്റെ ഭാഗത്ത് മറ്റൊരു വിദ്യാര്‍ഥിയുടെ പേരുമായിരുന്നു. ഹാള്‍ ടിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയെങ്കിലും ബാര്‍കോഡും ഡിക്ലറേഷനും തിരുത്താനും സാധിച്ചില്ല.

പത്തനംതിട്ട പോലീസ് തിങ്കളാഴ്ച നെയ്യാറ്റിന്‍കരയിലെത്തി അക്ഷയ സെന്ററിന്റെ നടത്തിപ്പുകാരന്‍ സത്യദാസിനെ ചോദ്യംചെയ്തു. അക്ഷയ സെന്ററിലാണ് വ്യാജമായി ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയതെന്ന് ഗ്രീഷ്മ സമ്മതിച്ചു. തിങ്കളാഴ്ച വൈകീട്ട് ഇവരെ പത്തനംതിട്ട സ്റ്റേഷനിലെത്തിച്ചു. അക്ഷയ സെന്ററിലെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച ഉച്ചയ്ക്കാണ് പത്തനംതിട്ട തൈക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാഹാളില്‍നിന്ന് വിദ്യാര്‍ഥി വ്യാജ ഹാള്‍ടിക്കറ്റുമായി പിടിയിലായത്.