+2 കഴിഞ്ഞവര്‍ക്കും ബിരുദധാരികള്‍ക്കും  സായുധസേനകളില്‍ ഓഫീസറാകാം

 

സായുധസേനകളിലെ ഓഫീസർതലത്തിലെ നിയമനത്തിനുള്ള വിവിധ കോഴ്‌സുകളിലെ പ്രവേശനങ്ങൾക്കായി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) നടത്തുന്ന രണ്ടു പരീക്ഷയ്ക്ക് അപേക്ഷിക്കാം.

പ്ലസ് ടു കഴിഞ്ഞവർക്കായി നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) ആൻഡ് നേവൽ അക്കാദമി (എൻഎ) പരീക്ഷ, ബിരുദധാരികൾക്കായുള്ള കമ്പൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പരീക്ഷ എന്നിവയ്ക്ക് ഡിസംബർ 30-ന് വൈകീട്ട് ആറുവരെ upsconline.nic.in വഴി അപേക്ഷിക്കാം. 

പരീക്ഷവഴി കോഴ്‌സിൽ പ്രവേശനംനേടി പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സായുധസേനയിൽ കമ്മിഷൻഡ് റാങ്കോടെ ഓഫീസറായി ജോലിയിൽ പ്രവേശിക്കാം.

തിരഞ്ഞെടുപ്പ്
രണ്ട് എൻട്രികൾക്കും തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം 2026 ഏപ്രിൽ 12-ന് നടത്തുന്ന എഴുത്തുപരീക്ഷകളാണ്.

എൻഡിഎ ആൻഡ് എൻഎ
പരീക്ഷയ്ക്ക് രണ്ടരമണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ടുപേപ്പറുകൾ ഉണ്ടാകും. ആദ്യപേപ്പർ മാത്തമാറ്റിക്‌സ് (300 മാർക്ക്), രണ്ടാം പേപ്പർ, ജനറൽ എബിലിറ്റി ടെസ്റ്റ് (600 മാർക്ക്). രണ്ടുപേപ്പറിലെയും ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലായിരിക്കും.

സിഡിഎസ് എൻട്രിയിൽ, ഐഎംഎ, ഐഎൻഎ, എഎഫ്എ
പ്രവേശനപരീക്ഷയ്ക്ക് ഇംഗ്ലീഷ്, ജനറൽ നോളജ്, എലമെന്ററി മാത്തമാറ്റിക്‌സ് എന്നീ പേപ്പറുകളും ഒടിഎ പ്രവേശന ത്തിന് ഇംഗ്ലീഷ്, ജനറൽ നോളജ് എന്നീ പേപ്പറുകളും ഉണ്ടാകും. പരീക്ഷകളുടെ ഘടന, സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവ ബന്ധപ്പെട്ട വിജ്ഞാപനത്തിൽ ലഭിക്കും.

രണ്ടിനും കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്. ആദ്യഘട്ട പരീക്ഷയിൽ, കമ്മിഷൻ നിശ്ചയിക്കുന്ന യോഗ്യതാ മാർക്ക് നേടുന്നവർ രണ്ടാം ഘട്ടത്തിൽ ഇന്റലിജൻസ് ആൻഡ് പേഴ്‌സണാലിറ്റി ടെസ്റ്റിന്, സർവീസ് സെലക്ഷൻ ബോർഡിനു(എസ്എസ്ബി) മുന്നിൽ ഹാജരാകണം. അതിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് മെഡിക്കൽ പരിശോധനകളുണ്ടാകും. അതിനുവിധേയമാണ് അന്തിമ തിരഞ്ഞെടുപ്പ്.

എൻഡിഎ ആൻഡ് നേവൽ എൻഎ (1) 2026 പരീക്ഷ

പ്ലസ്ടു വിദ്യാർഥികൾക്ക്, നാഷണൽ ഡിഫൻസ് അക്കാദമിയിലെ ആർമി, നേവി, എയർ ഫോഴ് വിങ്ങുകളിലെ പ്രവേശനം ഇന്ത്യൻ നേവൽ അക്കാദമി പ്രവേശനം (10+2 കെഡേറ്റ് എൻട്രി) എന്നിവ ഈ പരീക്ഷ വഴിയാണ്. ഒഴിവുകൾ: മൊത്തം 394.

    ആർമി-208 (10 ഒഴിവുകൾ വനിതകൾക്ക്)
    നേവി (എക്‌സിക്യുട്ടീവ് ബ്രാഞ്ച്): 42 (അഞ്ചാഴിവുകൾ വനിതകൾക്ക്)

എയർ ഫോഴ്‌സ്
ഫ്‌ളയിങ്-92
ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്‌നിക്കൽ) -18(2)
ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ-ടെക്‌നിക്കൽ) - 10(2).
നേവൽ അക്കാദമി (10+2 കെഡേറ്റ് എൻട്രി സ്ലീം-എക്‌സിക്യുട്ടീവ് ബ്രാഞ്ച്) - 24 (3)
കോഴ്സുകൾ 2027 ജനുവരി ഒന്നിന് തുടങ്ങും.

പ്രവേശനയോഗ്യത
അവിവാഹിതരായ ആൺകുട്ടികളോ പെൺകുട്ടികളോ ആയിരിക്കണം. ഏതു സ്ട്രീമിൽനിന്നും പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവരെയും എൻഡിഎയുടെ ആർമി വിങ്ങിലേക്ക് പരിഗണിക്കും. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരെ മാത്രമേ എൻഡിഎയുടെ നേവി, എയർ ഫോഴ്സ് വിങ്ങുകളിലേക്കും നേവൽ അക്കാദമിയിലേക്കും പരിഗണിക്കൂ.

10 +2/തത്തുല്യ പരീക്ഷ ജയിച്ചവർക്കും ഇപ്പോൾ 12-ൽ പഠിക്കുന്നവർക്കും അപേക്ഷി ക്കാം. യോഗ്യതാകോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ 2026 ഡിസംബർ 10 വരെ സമയം ലഭിക്കും.

പ്രായവ്യവസ്ഥ
2007 ജൂലായ് ഒന്നിനോ ശേഷമോ 2010 ജൂലായ് ഒന്നിനോ മുൻപോ ജനിച്ചതായിരിക്കണം.

കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ
ബിരുദത്തിനുശേഷം സായുധസേനകളിൽ ഓഫീസറാകാൻ അവസരമൊരുക്കുന്നതാണ് കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ (സിഡിഎസ്ഇ) (1) 2026.

ഒഴിവുകൾ 
വിവിധ സ്ഥാപനങ്ങളിലായി ഓഫീസർ നിയമനത്തിലേക്കു നയിക്കുന്ന കോഴ്സുകളിലേക്ക് മൊത്തം 451 പേർക്ക് പ്രവേശനം നൽകും. ഇന്ത്യൻ മിലിറ്ററി അക്കാദമി (ഐഎംഎ), ദെഹ്‌റാദൂൺ-100 ഒഴിവുകൾ, ഇന്ത്യൻ നേവൽ അക്കാദമി (ഐഎൻഎ), ഏഴിമല -26, എയർ ഫോഴ്സ് അക്കാദമി (എഎഫ്എ), ഹൈദരാബാദ്-32, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (ഒടിഎ) ചെന്നൈ-275 (പുരുഷൻമാർ), 18 (വനിതകൾ). ഒഴിവുകളിൽ നിശ്ചിത സീറ്റുകൾ ആർമി നേവി/എയർ ഫോഴ്സ് വിഭാഗങ്ങളിൽ എൻസിസി 'സി' സർട്ടിഫിക്കറ്റുള്ളവർക്ക് നീക്കിവെച്ചിട്ടുണ്ട്.

വനിതകളെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ ഷോർട് സർവീസ് കമ്മിഷനുമാത്രമേ പരിഗണിക്കൂ. ഒടിഎ കോഴ്സുകൾ 2027 ഏപ്രിലിലും മറ്റ് കോഴ്സുകൾ 2027 ജനുവരിയിലും ആരംഭിക്കും.

യോഗ്യത
ഐഎംഎ, ഒടിഎ: ഏതെങ്കിലും ബിരുദം
നേവി: എൻജിനിയറിങ് ബിരുദം
എയർ ഫോഴ്‌സ്: എൻജിനിയറിങ് ബാച്ച്ർ ബിരുദം അല്ലെങ്കിൽ 10+2 തലത്തിൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് പഠിച്ചശേഷമുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം. ബിരുദമുള്ളവർക്കും ബിരുദ പ്രോഗ്രാമിന്റെ അന്തിമ വർഷത്തിൽ/സെമസ്റ്ററിൽ പഠിക്കുന്നവർക്കും (വ്യവസ്ഥകളോടെ) അപേക്ഷിക്കാം.

നിയമനം, സ്‌റ്റൈപ്പൻഡ് 
ആർമിയിൽ ലെഫ്റ്റനന്റ് റാങ്കിലും നേവിയിൽ സബ് ലഫ്റ്റനന്റ് റാങ്കിലും എയർ ഫോഴ്‌സിൽ ഫ്‌ളൈയിങ് ഓഫീസർ റാങ്കിലും തുടക്കത്തിൽ നിയമിക്കപ്പെടുന്നു. സിഡിഎസ് പരീക്ഷവഴി പ്രവേശനം നേടുന്ന ഓഫീസർ കെഡേറ്റുകൾക്ക് സർവീസ് അക്കാദമികളിൽ പരിശീലന കാലയളവിൽ പ്രതിമാസം 56,100 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും.

എൻഡിഎ പരീക്ഷവഴി മൂന്നുവർഷ എൻഡിഎ പരിശീലനം പൂർത്തിയാക്കി സർവീസ് അക്കാദമികളിൽ അവസാന വർഷ പരിശീലനത്തിന് എത്തുന്നവർക്കും ഈ നിരക്കിൽ സ്‌റ്റൈപ്പെൻഡ് ലഭിക്കും. കമ്മിഷൻ ചെയ്യപ്പെടുന്നവർക്ക് തുടക്കത്തിൽ പ്രതിവർഷ സിടിസി ഏകദേശം 17 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയ്ക്കായിരിക്കും.

അപേക്ഷാ ഫീസ്
എൻഡിഎ ആൻഡ് എൻഎ പരീക്ഷയ്ക്ക് 100 രൂപയും സിഡിഎസ് പരീക്ഷയ്ക്ക് 200 രൂപയുമാണ് അപേക്ഷാ ഫീ. ഓൺലൈനായി അടയ്ക്കാം. വനിതകൾ, പട്ടികവിഭാഗക്കാർ, വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല.