സര്‍ക്കാര്‍ സംവിധാനം ജനങ്ങളെ തേടിയെത്തുന്നു: മന്ത്രി എം.ബി രാജേഷ്

 



പാലക്കാട് :  മന്ത്രിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനം ജനങ്ങളെ തേടി അവരിലേക്ക് ഇറങ്ങി ചെല്ലുകയാണ് താലൂക്ക്തല പരാതി പരിഹാര അദാലത്തുകളിലൂടെ എന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആലത്തൂര്‍ ആലിയ മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആലത്തൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ പരിശോധിച്ച് പരിഹാരം കാണുകയും ഇത് അവരെ നേരിട്ട് അറിയിക്കുകയും ചെയ്യുന്നതോടൊപ്പം നേരിട്ടും ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ച് നിയമപരമായും സമയബന്ധിതമായും തീര്‍പ്പാക്കുകയും ചെയ്യും. 

ഇത്തരത്തില്‍ നിയമപരമായും സാങ്കേതികമായും കുരുക്കുകളില്‍ ഉള്‍പ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് അദാലത്തുകളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.  സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണ്. അത് നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ പരിശോധിച്ച് കാലതാമസമില്ലാതെ തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ശേഷം എ.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയ 31 പേരുടെ റേഷന്‍ കാര്‍ഡുകള്‍ മന്ത്രി കൈമാറി.


പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. പി.പി സുമോദ് എം.എല്‍.എ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ആലത്തൂര്‍, എരിമയൂര്‍, മേലാര്‍കോട്, വടക്കഞ്ചേരി, കിക്കേഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്ര, കാവശ്ശേരി, തരൂര്‍, കുഴല്‍മന്ദം, തേങ്കുറിശ്ശി, കോട്ടായി, മാത്തൂര്‍, പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.ഷൈനി, എ. പ്രേമകുമാര്‍, ടി. വത്സല, ലിസി സുരേഷ്, കവിത മാധവന്‍, കെ.എല്‍ രമേഷ്, ഐ. ഹസീന, എം. സുമതി, സി. രമേഷ്‌കുമാര്‍, ഇ. രമണി, മിനി നാരായണന്‍, ഭാര്‍ഗവന്‍, എ. സതീഷ്, പ്രവിത മുരളീധരന്‍, കേരളകുമാരി, ജില്ലാ കലക്ടര്‍ ഡോ. സി. ചിത്ര, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡി. അമൃതവല്ലി, എ.ഡി.എം കെ. മണികണ്ഠന്‍, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.