കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് കൈത്താങ്ങ്; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക ധനസഹായമായി സർക്കാർ 60 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകൾ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിദൂരതയും ജീവനക്കാർ നേരിടുന്ന പ്രയാസങ്ങളും കണക്കിലെടുത്താണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ.

 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക ധനസഹായമായി സർക്കാർ 60 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകൾ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിദൂരതയും ജീവനക്കാർ നേരിടുന്ന പ്രയാസങ്ങളും കണക്കിലെടുത്താണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ.പഞ്ചായത്തിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും അവശ്യസേവനങ്ങൾ മുടക്കമില്ലാതെ ഉറപ്പാക്കാനും ഈ സഹായം ഉപകരിക്കും. വിദൂര ഗോത്രമേഖലകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആറുമാസമായി ജീവനക്കാർക്ക് ശമ്പളവും ജനപ്രതിനിധികൾക്ക് ഓണറേറിയവും നൽകാൻ പണമില്ലാത്തതിനെ തുടർന്ന് കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടിയിരുന്നു. 26 ആദിവാസി ഉന്നതികൾ ഉൾപ്പെടുന്ന ഈ പഞ്ചായത്ത് 2010-ലാണ് മൂന്നാർ പഞ്ചായത്തിൽ നിന്നും വേർപെടുത്തി രൂപീകരിച്ചത്. സാധാരണ ഗ്രാമപഞ്ചായത്തുകളെ അപേക്ഷിച്ച് നികുതി വരുമാനമോ മറ്റ് വാണിജ്യ പ്രവർത്തനങ്ങളോ കുറവായതിനാൽ തനത് വരുമാന സ്രോതസ്സുകൾ ഇവിടെ പരിമിതമാണ്. പൂർണ്ണമായും സർക്കാർ സഹായത്തെ ആശ്രയിച്ചാണ് പഞ്ചായത്തിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.