സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലെ ഔദ്യോഗിക ചടങ്ങുകളിൽ 'വന്ദേ മാതരം' ആലപിക്കണമെന്ന സർക്കാർ ഉത്തരവ് റദ്ദാക്കണം -എസ്.ഐ.ഒ
കോഴിക്കോട്: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഔദ്യോഗിക ചടങ്ങുകളിൽ 'വന്ദേ മാതരം' ആലപിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ്.
ബഹുസ്വര സമൂഹത്തിൽ സാംസ്കാരികമായ ഏകീകരണം അടിച്ചേൽപ്പിക്കുന്നതിനായി ദേശീയ പ്രതീകങ്ങളെയും ആചാരങ്ങളെയും രാഷ്ട്രീയമായി ഉപയോഗിക്കുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് ഔദ്യോഗിക ചടങ്ങുകളിൽ 'വന്ദേ മാതരം' നിർബന്ധിതമായി ഉൾപ്പെടുത്താനുള്ള നീക്കത്തെ കാണേണ്ടതെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഇന്ത്യയെപ്പോലെയുള്ള ഫെഡറൽ രാജ്യത്ത് ഓരോ ജനസമൂഹങ്ങൾക്കും അതിന്റേതായ സാംസ്കാരിക അടയാളങ്ങളും ഭാഷാപരമായ സ്വത്വങ്ങളുമുണ്ട്. ദേശീയഗാനമായ 'ജനഗണമന' ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമായിരിക്കെ, പ്രത്യേക രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായി 'വന്ദേ മാതരം' ഔദ്യോഗിക പ്രോട്ടോകോളിന്റെ ഭാഗമാക്കാനുള്ള ശ്രമം രാജ്യത്തിന്റെ വൈവിധ്യങ്ങളെ റദ്ദ് ചെയ്യാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ തുടർച്ചയായി മനസ്സിലാക്കേണ്ടതുണ്ട്.
പരസ്യമായ രാഷ്ട്രീയ ഇടപെടലുകളേക്കാൾ അപകടകരമാണ് സാംസ്കാരികമായ ഇടപെടലുകൾ. സാംസ്കാരിക ഫാഷിസം നിർമിച്ചെടുക്കുന്ന പൊതുബോധം വംശീയ അധികാരക്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴിയൊരുക്കുമെന്നും സംഘപരിവാറിന്റെ രാഷ്ട്രീയ-സാംസ്കാരിക അജണ്ടകൾ ഭരണനിർവഹണ തലത്തിൽ നടപ്പാക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 'വന്ദേ മാതരം' ഔദ്യോഗിക ചടങ്ങുകളിൽ ഉൾപ്പെടുത്തണമെന്ന സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ഭരണഘടന ഉറപ്പുനൽകുന്ന ബഹുസ്വരതയും വൈവിധ്യവും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം വിഷയത്തിൽ ശക്തമായ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹൽ ബാസ്, സെക്രട്ടറിമാരായ നവാഫ് പാറക്കടവ്, അസ്‌നഹ് താനൂർ, മിസ്അബ് ഷിബിലി എന്നിവർ സംസാരിച്ചു.