പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജംബോ ബാച്ചുകളുമായി സർക്കാർ
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജംബോ ബാച്ചുകളുമായി സർക്കാർ. ഏഴ് ജില്ലകളിലെ ഹയർ സെക്കൻഡറികളിൽ കുട്ടികളെ കുത്തിനിറച്ചുള്ള ‘ജംബോ ബാച്ചു’കൾ അനുവദിച്ചാണ് ഒരുവർഷം നീളുന്ന സ്പെഷൽ ഡ്രൈവ് നടത്തുന്നത്.
പാലക്കാട് മുതൽ കാസർകോട് വരെ ആറ് ജില്ലകളിലും തിരുവനന്തപുരം ജില്ലയിലുമാണ് 65 കുട്ടികൾക്ക് വരെ പ്രവേശനം നൽകുന്നത്. സർക്കാർ സ്കൂളുകളിലെ ബാച്ചുകളിൽ 30 ശതമാനം സീറ്റും (15 സീറ്റ്) എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റും (10 സീറ്റ്) വർധിപ്പിക്കുന്ന ‘ചെപ്പടി വിദ്യ’യാണ് ഇത്തവണയും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റ് വർധിപ്പിക്കുന്നതോടെ 50 കുട്ടികൾ പഠിക്കേണ്ട ബാച്ചുകളിൽ 65 പേരും എയ്ഡഡിൽ 20 ശതമാനം സീറ്റ് വർധനവിലൂടെ 60 കുട്ടികളും പഠിക്കേണ്ടിവരുന്നു. ഇതിനുപുറമെ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് അധിക സീറ്റ് കൂടി അനുവദിക്കുന്നതോടെ ബാച്ചുകളിൽ 70 വരെ കുട്ടികളായി മാറുന്നു.