ഹരിതകർമ സേനാംഗങ്ങൾക്ക് സർക്കാരിൻറെ ഓണസമ്മാനം: ഓണം ബോണസ് 1500 രൂപയായി വർധിപ്പിച്ചു

സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങൾക്ക് ഓണം പ്രമാണിച്ച് നൽകി വരുന്ന ഉത്സവബത്ത  വർധിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങൾക്ക് ഓണം പ്രമാണിച്ച് നൽകി വരുന്ന ഉത്സവബത്ത  വർധിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ വർഷം ലഭിച്ച 1250 രൂപയിൽ നിന്ന് ഈ വർഷം1500 രൂപയായി ഉയർത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാർശ പരിഗണിച്ചാണ് സർക്കാർ നടപടി.

2026-ലെ ഓണം ഉത്സവബത്തയായി 1500 രൂപ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും അനുവദിക്കാനുള്ള യഥേഷ്ടാനുമതിയും ഉത്തരവിലൂടെ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 37481 ഹരിതകർമസേനാംഗങ്ങൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി തുക കൈമാറുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.