കടക്ക് പുറത്തെന്ന് മാധ്യമങ്ങളോട് പറഞ്ഞയാളാണ് മുഖ്യമന്ത്രി, തന്റെയടുത്ത് വരുന്ന മാധ്യമങ്ങളോട് മുഖ്യമന്ത്രിയെ പോലെ പറയാൻ തനിക്കാവില്ല : ഗവർണർ 

 

കടക്ക് പുറത്തെന്ന് മാധ്യമങ്ങളോട് പറഞ്ഞയാളാണ് മുഖ്യമന്ത്രിയെന്നും തന്റെയടുത്ത് വരുന്ന മാധ്യമങ്ങളോട് മുഖ്യമന്ത്രിയെ പോലെ പറയാൻ തനിക്കാവില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിനാലാണ് മാധ്യമങ്ങൾ എത്തുമ്പോൾ സംസാരിക്കുന്നത്. വിസിക്കെതിരായ വിമർശനവും ഗവർണർ ആവർത്തിച്ചു. ചരിത്ര കോൺഗ്രസ് വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ താൻ സെക്യൂരിറ്റി എക്സ്പേർട്ട് അല്ലെന്ന് മറുപടി നൽകി. 2019ലെ ചരിത്ര കോൺഗ്രസ് ആക്രമണം എന്ത് കൊണ്ട് ഇപ്പോൾ ഉയർത്തുന്നുവെന്ന ചോദ്യത്തിന് ക്രിമിനൽ കേസുകൾക്ക് സമയപരിധി ഇല്ലെന്നായിരുന്നു ഗവർണറുടെ മറുപടി. 

അന്ന് കണ്ണൂരിൽ ഉപയോഗിച്ച സമ്മർദ്ദ തന്ത്രം ഇപ്പോഴും തനിക്കെതിരെ ഉപയോഗിക്കുന്നു. അതിനാലാണ് ഇപ്പോൾ വിഷയം ഉയർത്തുന്നത്. തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഇർഫാൻ ഹബീബ് തനിക്ക് നേരെ വരുമ്പോൾ അത് തന്നെ ആക്രമിക്കാനാണെന്ന് അനുമാനിച്ചുകൂടേ. ഇർഫാൻ ഹബീബ് എന്തിന് തനിക്ക് നേരെ നടന്നടുത്തു എന്നതാണ് ചോദ്യം. പ്രതിഷേധിക്കാനാണെങ്കിൽ വേദിയിലാണോ ചെയ്യേണ്ടത്. തന്നെ ബാധിച്ച വിഷയമെന്ന നിലയിലാണ് ഇതുവരെ താൻ നേരിട്ട് നടപടികൾ ആവശ്യപ്പെടാതിരുന്നത്. വേദിയിലിരിക്കുന്നവർക്ക് വേദി വിട്ടിറങ്ങണമെങ്കിൽ ഗവർണർ ആദ്യം വേദി വിടണം. അതാണ് സുരക്ഷാ പ്രോട്ടോക്കോളെന്നും ​ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.