ആനയോട്ടത്തിൽ ഒമ്പതുതവണ ജേതാവ്, ഗോപീകണ്ണന് അപ്രതീക്ഷിത അന്ത്യം; ഒന്നരമാസത്തോളമായി മദപ്പാടിൽ 

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയോട്ടത്തില്‍ ഒമ്പതുതവണ ജേതാവായ കൊമ്പന്‍ ഗോപീകണ്ണന്‍  കെട്ടുതറിയില്‍ കുഴഞ്ഞുവീണ് ചരിഞ്ഞു. പ്രകടമായ അസുഖങ്ങളൊന്നുമില്ലാതിരുന്ന ആനയുടെ മരണകാരണം വ്യക്തമായിട്ടില്ല

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയോട്ടത്തില്‍ ഒമ്പതുതവണ ജേതാവായ കൊമ്പന്‍ ഗോപീകണ്ണന്‍  കെട്ടുതറിയില്‍ കുഴഞ്ഞുവീണ് ചരിഞ്ഞു. പ്രകടമായ അസുഖങ്ങളൊന്നുമില്ലാതിരുന്ന ആനയുടെ മരണകാരണം വ്യക്തമായിട്ടില്ല. ഒന്നരമാസത്തോളമായി മദപ്പാടിലായിരുന്ന ആന വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചരിഞ്ഞത്.

 വയറ് വീര്‍ത്തിരുന്നു. കുടലിനെ ബാധിച്ച അണുബാധയാകാം കാരണമെന്ന് സംശയിക്കുന്നു. തലയെടുപ്പിലും അഴകിലും ഗുരുവായൂര്‍ നന്ദന്റെ പിന്‍ഗാമിയായി വാഴുകയായിരുന്നു, 51 വയസ്സുള്ള ഗോപീകണ്ണന്‍. അതുകൊണ്ടുതന്നെ പൂരങ്ങളിലെ 'മെഗാ സ്റ്റാര്‍' എന്ന പരിഗണനയുണ്ടായിരുന്നു. വടിവൊത്ത ശരീരഘടനയും ഗാംഭീര്യത്തോടെയുള്ള നടത്തവുമാണ് പ്രത്യേകത.

ആനക്കോട്ടയിലെ സൗമ്യശീലനായിരുന്നു ഗോപീകണ്ണന്‍. ഗുരുവായൂര്‍ ആനയോട്ടമാണ് ഗോപീകണ്ണനെ പ്രശസ്തനാക്കിയത്. മിക്ക വര്‍ഷങ്ങളിലും മുന്നിലോടാന്‍ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ആനകളില്‍ ഉള്‍പ്പെടാറുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏറ്റുമാനൂരിലെ പൊന്നാന എഴുന്നള്ളിപ്പിനായിരുന്നു ഗോപീകണ്ണനെ അവസാനമായി കൊണ്ടുപോയത്. അതിനുശേഷം നീരിലായി.

തൃശ്ശൂരിലെ നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാനായ ഗോപു നന്തിലത്താണ് 2001 സെപ്റ്റംബര്‍ മൂന്നിന് ഗോപീകണ്ണനെ നടയിരുത്തിയത്. 65 ആനകള്‍ വരെയുണ്ടായിരുന്ന ആനക്കോട്ടയില്‍ ഗോപീകണ്ണന്‍കൂടി ചരിഞ്ഞതോടെ അംഗങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങി.

ഗോപീകണ്ണന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് കുടുംബത്തിലെ ഒരംഗത്തെയാണെന്ന് ആനയെ നടയിരുത്തിയ പ്രമുഖ വ്യവസായി ഗോപു നന്തിലത്ത് പറഞ്ഞു. വിദേശത്തായതിനാല്‍ ഗോപീകണ്ണനെ അവസാനമായി കാണാനാകാത്ത വിഷമവും അദ്ദേഹം അറിയിച്ചു.