കൊല്ലത്ത് അല്‍സേഷ്യന്‍ നായയുമായെത്തി പൊലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ്; ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

 

ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

 

ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പൊലീസ് ജീപ്പ് ഇടിച്ച് നശിപ്പിച്ചു.

പത്തനാപുരത്ത് പൊലീസിന് നേരെ ഗുണ്ടാ നേതാവിന്റെ അക്രമം. അല്‍സേഷ്യന്‍ നായയുമായി എത്തിയ ഗുണ്ടാ നേതാവ് സജീവാണ് പൊലീസുകാര്‍ക്കു നേരെ ആക്രമണം നടത്തിയത്. സപ്താഹ പരിപാടിക്കിടെ നായയുമായി എത്തിയ സജീവ് പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. ഇത് അന്വേഷിക്കാന്‍ പൊലീസ് എത്തിയ വാഹനത്തിന് നേരെയും സജീവ് ആക്രമണം അഴിച്ചുവിട്ടു. ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പൊലീസ് ജീപ്പ് ഇടിച്ച് നശിപ്പിച്ചു. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

പത്തനാപുരം പിടവൂര്‍ പുത്തന്‍കാവ് മഹാവിഷ്ണു ക്ഷേത്രത്തില്‍ തിങ്കളാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ഗുണ്ടാ നേതാവ് സജീവ് നായയുമായി ക്ഷേത്രത്തിലേക്ക് എത്തിയത് നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും ചോദ്യംചെയ്തിരുന്നു. പ്രശ്നം അറിഞ്ഞ പട്രോളിംഗ് സംഘം സ്ഥലത്തെത്തി. ഇതോടെയാണ് പ്രതി പൊലീസിന് നേരെയും ആക്രമണം നടത്തിയത്. പൊലീസ് വാഹനത്തിന് കേടുപാടുണ്ടായി. പൊലീസ് ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാപ്പ ഉള്‍പ്പെടെ ചുമത്തിയ പ്രതിയാണ് രാത്രി പൊലീസിന് നേരെ ആക്രമണം നടത്തിയത്.