തിരുവനന്തപുരം ചാലയില്‍ ജ്വല്ലറി ഉടമയുടെ പക്കല്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവം ; അഞ്ചു പേര്‍ പിടിയില്‍ ; 400 ഗ്രാമിലേറെ സ്വര്‍ണം കണ്ടെടുത്തു

നിരവധി കേസുകളില്‍ പ്രതിയായ അനൂപ് രാജ് ആണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്.

 

വാഹനത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി തെരച്ചില്‍ തുടരുകയാണ്.

തിരുവനന്തപുരം ചാലയില്‍ ജ്വല്ലറി ഉടമയുടെ പക്കല്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപ് രാജ്, അനില്‍ പ്രസാദ്, വിനോദ് ആന്റണി, അമുല്‍, ദിലീപ് എന്നിവരാണ് പിടിയിലായത്. വാഹനത്തില്‍ നിന്ന് 400 ഗ്രാമിലധികം സ്വര്‍ണം കണ്ടെടുത്തു. വാഹനത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി തെരച്ചില്‍ തുടരുകയാണ്. കവര്‍ച്ചയ്ക്ക് പിന്നില്‍ ബിസിനസ് തര്‍ക്കമാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളായ അമുല്‍, ദിലീപ് എന്നിവര്‍ ചാലയില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നവരാണ്. ഇവരാണ് കവര്‍ച്ചയ്ക്ക് ഇരയായ ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിരവധി കേസുകളില്‍ പ്രതിയായ അനൂപ് രാജ് ആണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്.


ഷാഡോ അനില്‍ എന്ന അനില്‍ പ്രസാദും വിനോദ് ആന്റണിയും ആണ് ബൈക്കില്‍ എത്തി ജ്വല്ലറിയുടമ നന്ദകുമാറില്‍ നിന്ന് സ്വര്‍ണം കവര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ബൈക്കില്‍ ഫ്‌ലൈഓവര്‍ പിന്നിട്ടു ഹൈവേയ്ക്ക് സമീപം എത്തുകയും കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം കയറി രക്ഷപ്പെടുകയുമായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടന്ന സംഘം പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി, ബെം?ഗളൂരുവിലേക്ക് കടക്കുകയും പിന്നീട് വയനാട് ഭാ?ഗത്തേക്ക് എത്തുകയുമായിരുന്നു.

ഇതിനിടെ, നന്ദകുമാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ കവര്‍ച്ചാ സം?ഘത്തിന് കൈമാറിയ ശ്രാവണും ഇവര്‍ക്കൊപ്പം കാറില്‍ കയറി. വയനാട്ടിലെത്തിയ സംഘം പരിചയക്കാരനും റിസോര്‍ട്ടിലെ ജോലിക്കാരനുമായ രാജീവിനെ വിളിക്കുകയും വിനോദയാത്രയ്ക്ക് എത്തിയതാണെന്ന് പറഞ്ഞ് താമസസൗകര്യം ഒരുക്കാന്‍ പറയുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച വൈകുന്നേരം 5:45 ഓടെ പടിഞ്ഞാറത്തറയില്‍ വെച്ച് വാഹനം വളഞ്ഞ് പൊലീസ് കവര്‍ച്ചാ സംഘത്തെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് ശ്രാവണ്‍ വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. രാജീവിനെ ചോദ്യം ചെയ്ത പൊലീസ്, തിരുവനന്തപുരത്ത് ഹാജരാകാന്‍ നിര്‍ദേശിച്ചു നോട്ടീസ് നല്‍കി വിട്ടയച്ചു. പ്രതികളുമായി പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു.