സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു
പശ്ചിമേഷ്യയിൽ യുദ്ധാന്തരീക്ഷം കനക്കുന്നതിനിടെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് രാവിലെയും ഉച്ചക്കുമായി രണ്ട് തവണയാണ് വില കുറഞ്ഞത്. തുടർച്ചയായി നാലാംദിവസമാണ് സ്വർണം താഴോട്ടിറങ്ങുന്നത്.
കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധാന്തരീക്ഷം കനക്കുന്നതിനിടെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് രാവിലെയും ഉച്ചക്കുമായി രണ്ട് തവണയാണ് വില കുറഞ്ഞത്. തുടർച്ചയായി നാലാംദിവസമാണ് സ്വർണം താഴോട്ടിറങ്ങുന്നത്.
ഇന്ന് (05-03-26) ഉച്ചക്ക് ശേഷം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14930 രൂപയും പവന് 1,19,440 രൂപയുമായി. രാവിലെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞ് യഥാക്രമം 14990 രൂപയും 1,19,920 രൂപയുമായിരുന്നു. ഇന്ന് മാത്രം പവന് 1200 രൂപയാണ് കുറഞ്ഞത്.
ഇന്നലെ പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു ഇന്നലത്തെ വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു.
ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, തുടർദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങി. നാലുദിവസം കൊണ്ട് 7,480 രൂപയാണ് പവന് കുറഞ്ഞത്.
അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് ഉച്ചക്ക് ശേഷം 33 ഡോളർ കുറഞ്ഞ് 5,150.37 ഡോളറായി. 5,150.37 ഡോളറാണ് നിലവിലെ വില. രാവിലെ 5,183.71 ഡോളറായിരുന്നു.
ഇന്നലെ ഡോളറിനെതിരെ കനത്തതിരിച്ചടി നേരിട്ട ഇന്ത്യൻ രൂപ ഇന്ന് നേരിയ തോതിൽ തിരിച്ച് കയറി. 91.60 രൂപയാണ് ഇന്ന് ഡോളർ -രൂപ വിനിമയ നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണമാണ് രൂപ നേരിട്ടത്. ഒരു യു.എസ് ഡോളറിന് 92.27 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്.