അതേക്കുറിച്ച് എസ്ഡിപിഐക്കാരോട് പോയി ചോദിക്ക്'; ഡീല്‍ ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി

എല്ലാ വര്‍ഗീയതയോടും ശക്തമായ നിലപാടാണ് തങ്ങള്‍ക്കുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

യുഡിഎഫ് നുണകളെ ആശ്രയിക്കുകയാണ്. എല്ലാ ഘട്ടത്തിലും വര്‍ഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചിട്ടുള്ളത്

എസ്ഡിപിഐ - എല്‍ഡിഎഫ് ഡീല്‍ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. ചോദ്യങ്ങളില്‍ അക്ഷമനായ മുഖ്യമന്ത്രി മാധ്യമങ്ങളെ പഴിക്കുകയും എസ്ഡിപിഐക്കാരോട് പോയി ചോദിക്കാനും പറഞ്ഞു. വര്‍ഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത് എന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയാണ് എന്നും കുറ്റപ്പെടുത്തി.

എസ്ഡിപിഐ-എല്‍ഡിഎഫ് ഡീല്‍ വിവാദങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. യുഡിഎഫ് നുണകളെ ആശ്രയിക്കുകയാണ്. എല്ലാ ഘട്ടത്തിലും വര്‍ഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചിട്ടുള്ളത് എല്‍ഡിഎഫാണ്. എല്ലാ വര്‍ഗീയതയോടും ശക്തമായ നിലപാടാണ് തങ്ങള്‍ക്കുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്ഡിപിഐ വോട്ടുകളെ സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമാണല്ലോ എന്ന ചോദ്യത്തോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മാധ്യമങ്ങള്‍ക്ക് സ്വന്തമായ ഒരു ധാരണയുണ്ട് എന്നും യുഡിഎഫിനെപ്പോലെ വര്‍ഗീയ പ്രസ്ഥാനങ്ങളോട് കൂട്ടുകൂടാന്‍ സിപിഐഎമ്മിനെ കിട്ടില്ല എന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. കോണ്‍ഗ്രസിനെ പവിത്രമാക്കുകയാണ് മാധ്യമങ്ങള്‍ക്ക് വേണ്ടത്. നാട്ടുകാര്‍ ഇത് വിശ്വസിക്കില്ല. മാധ്യമങ്ങള്‍ പ്രത്യേക അജണ്ടയുമായാണ് വന്നിരിക്കുന്നത്. അത് മാറ്റിവെക്കണമെന്നും എസ്ഡിപിഐയെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊതുവേദിയിലെ പെരുമാറ്റത്തെ കുറിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. തന്റെ പെരുമാറ്റം ശരിയാണോ അല്ലയോ എന്നത് മാധ്യമങ്ങള്‍ വിലയിരുത്തിയാല്‍ മതി. പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുനടക്കേണ്ട കാര്യം എനിക്കില്ല. താന്‍ ഇന്നലെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.