ജിഎന്‍എ വൈദ്യുതി കരാര്‍ പ്രായോഗികമല്ല; നിലവിലെ സാഹചര്യത്തില്‍ കരാറില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎന്‍എയില്‍ (GNA) നിന്നും വൈദ്യുതി വാങ്ങുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും, ഇപ്പോഴത്തെ നിലയ്ക്ക് അത്തരമൊരു കരാര്‍ ഇല്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത അനുദിനം വര്‍ധിച്ചുവരികയാണെന്നും അതിനനുസരിച്ച് ആഭ്യന്തര ഉത്പാദനം ഉയരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

തിരുവനന്തപുരം: സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎന്‍എയില്‍ (GNA) നിന്നും വൈദ്യുതി വാങ്ങുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും, ഇപ്പോഴത്തെ നിലയ്ക്ക് അത്തരമൊരു കരാര്‍ ഇല്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത അനുദിനം വര്‍ധിച്ചുവരികയാണെന്നും അതിനനുസരിച്ച് ആഭ്യന്തര ഉത്പാദനം ഉയരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1000 മെഗാവാട്ടിന്റെ വര്‍ധനവാണ് വൈദ്യുതി ഉപയോഗത്തിലുണ്ടായത്. പത്ത് വര്‍ഷത്തിനിടെ ആവശ്യകത 2500 മെഗാവാട്ടായി ഉയര്‍ന്നപ്പോള്‍, ജലവൈദ്യുത പദ്ധതികളിലൂടെയുള്ള ഉത്പാദനത്തില്‍ 180 മെഗാവാട്ടിന്റെ വര്‍ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ രാത്രികാലങ്ങളിലാണ് വൈദ്യുതി ആവശ്യകത കൂടുതലുള്ളത്. ഇത് പരിഹരിക്കാന്‍ സോളാര്‍ പദ്ധതികള്‍ മാത്രം മതിയാകില്ലെന്നും, പകല്‍ ഉത്പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതി സംഭരിച്ച് രാത്രി ഉപയോഗിക്കാനുള്ള ബാറ്ററി സ്റ്റോറേജ് പദ്ധതികള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സോളാര്‍ പദ്ധതികള്‍ ജനകീയമാക്കാനും വികേന്ദ്രീകൃതമാക്കാനുമായി ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനായി സബ്‌സിഡിയും ബാങ്ക് വായ്പയും നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ജിഎന്‍എയുടെ നിരക്ക് കുറവാണെന്ന് തോന്നാമെങ്കിലും, ഹിമാചല്‍ വൈദ്യുതി സര്‍ക്കാര്‍ പദ്ധതിയാണെന്നും ജിഎന്‍എ ഒരു സ്വകാര്യ പ്ലാറ്റ്‌ഫോമാണെന്നും സണ്ണി ജോസഫ് വിശദീകരിച്ചു. സ്വകാര്യ പ്ലാറ്റ്‌ഫോമില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിലെ പ്രയാസങ്ങളും സാങ്കേതിക വ്യത്യാസങ്ങളും കെഎസ്ഇബി (KSEB) മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പ് മുഖ്യമന്ത്രിക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും, സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.

  മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവന മന്ത്രി സണ്ണി ജോസഫ് തള്ളിക്കളഞ്ഞു. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കില്‍ അതെല്ലാം മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ പരസ്യ പ്രസ്താവനാ വിലക്ക് ലംഘിച്ചുകൊണ്ടുള്ള ഇത്തരം പരാമര്‍ശങ്ങളെ അവഗണിക്കുന്നതാണ് നല്ലതെന്നും മന്ത്രി പ്രതികരിച്ചു.