ആഗോള അയ്യപ്പ സംഗമം; സ്പോണ്‍സര്‍ഷിപ്പിനെക്കാള്‍ കൂടുതല്‍ ചെലവ്; കാരണം വ്യക്തമാക്കണമെന്ന് കോടതി
സംഗമത്തില്‍ നടന്ന പല പരിപാടികളുടെയും ചെലവ് കൃത്യമായി വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല.
ബോര്‍ഡ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ചെലവഴിച്ച തുക സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതിനെക്കാള്‍ കൂടുതലാണെന്ന് ഓഡിറ്റിങ്ങില്‍ വ്യക്തമായി, ഇതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വി രാജ വിജയരാഘവനും കെ വി ജയകുമാറും അടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഡിറ്റ് സ്ഥാപനമായ വിജയന്‍ ആന്‍ഡ് അസോസിയേറ്റ്സാണ് അയ്യപ്പ സംഗമത്തിന്റെ വരവുചെലവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയത്. ഇത് പരിശോധിച്ച ശേഷമാണ് കോടതി ബോര്‍ഡ് ഇക്കാര്യത്തില്‍ ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടത്.
ബോര്‍ഡ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഓഡിറ്റിങ് നടത്തുമ്പോള്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഓഡിറ്റ് സ്ഥാപനത്തിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
സംഗമത്തില്‍ നടന്ന പല പരിപാടികളുടെയും ചെലവ് കൃത്യമായി വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല ജോയിന്റ് മെഷര്‍മെന്റ് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. സംഗമത്തിനായി ആരംഭിച്ച ധനലക്ഷ്മി ബാങ്ക് അക്കൗണ്ടില്‍ ധനലക്ഷ്മി ബാങ്ക്, കേരള ബാങ്ക്, അദാനി വിഴിഞ്ഞം പോര്‍ട്ട് എന്നിവര്‍ ചേര്‍ന്ന് നല്‍കിയത് 3.98കോടിയാണ്. ഇതുകൂടാതെ ദേവസ്വം അക്കൗണ്ടില്‍ നിന്നും അഞ്ചുകോടിയാണ് ഇതേ അക്കൗണ്ടിലെത്തിയത്. സംഗമം നടത്തിപ്പിന്റെ ഉത്തരവാദിത്തം ലഭിച്ച ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് അയച്ച പുതുക്കിയ ബില്‍ സ്റ്റേറ്റ്മെന്റില്‍ 7.04കോടിയാണ് ചെലവ് കാണിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് കോടി മുന്‍കൂറായി നല്‍കിയിട്ടുണ്ട്. ബാക്കി 4.04കോടി ലഭിക്കാനുണ്ട്.