പെൺസുഹൃത്തിന്റെ ക്വട്ടേഷൻ ; അടിമാലിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം
അടിമാലി : ടാക്സി ഡ്രൈവറായ യുവാവിനെ കാറിൽ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി എം.എസ് സുമേഷിന് (38) നേരെയാണ് ആക്രമണം. യുവാവ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പെൺസുഹൃത്തിന്റെ നിർദേശപ്രകാരം എത്തിയ ക്വട്ടേഷൻ സംഘമാണ് ആക്രമിച്ചതെന്ന് യുവാവിന്റെ പരാതി.
ആലുവ ചൂണ്ടിയിൽ വാടകക്ക് താമസിക്കുന്ന സുമേഷ് ജോലി കഴിഞ്ഞ് താമസ് സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി 11ഓടെ കല്ലാർകുട്ടിക്ക് സമീപം പനംകൂട്ടിയിലായിരുന്നു ആക്രമണം. അഞ്ചുപേർ ചേർന്ന് കാർ തടഞ്ഞുനിർത്തിയശേഷം കൈകൾ സ്റ്റിയറിങ്ങിനോടും കഴുത്ത് സീറ്റിനോടും ചേർത്ത് ബന്ധിച്ചെന്നും കൈയിലും കഴുത്തിലും മുറിവേൽപ്പിച്ചെന്നും മൊബൈൽ തട്ടിയെടുത്തെന്നുമാണ് സുമേഷ് നൽകിയ പരാതിയിൽ പറയുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ഇതുവഴിയെത്തിയ ഓട്ടോ ഡ്രൈവറാണ് കാറിൽ ബന്ധിച്ചനിലയിൽ സുമേഷിനെ കണ്ടെത്തിയത്. ഇയാൾ അടിമാലി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് സുമേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
എറണാകുളത്ത് ഡ്രൈവറായി ജോലിചെയ്യുന്ന സുമേഷ് വിവാഹമോചിതനാണ്. ഇൻഫോപാർക്കിലെ ജീവനക്കാരിയുമായി ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. കുഞ്ചിത്തണ്ണി സ്വദേശികളായ ഇരുവരും മൂന്നുവർഷം ഒന്നിച്ച് താമസിച്ചു. പിന്നീട് അകന്നതോടെ സുമേഷ് യുവതിയുടെ ചില ചിത്രങ്ങളും സ്വകാര്യ സംഭാഷണങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി യുവതി ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.