ഗിഗ് തൊഴിലാളി സമരം; ദേശീയതലത്തിലെ സമരം കേരളത്തിൽ വിജയിച്ചില്ല
കൊച്ചി: ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസ് വർക്കേഴ്‌സ് യൂണിയൻ ദേശീയതലത്തിൽ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തിൽ വിജയിച്ചില്ല. സംസ്ഥാനത്തെ ഗിഗ് മേഖലയിലെ പ്രമുഖ യൂണിയനുകൾ പണിമുടക്കുമായി സഹകരിക്കാൻ തയ്യാറായില്ല.
ഗിഗ് വർക്കേഴ്‌സിനെ തൊഴിലാളികളായി അംഗീകരിക്കണമെന്നും ഇതിനായി നിയമനിർമാണം നടത്തണമെന്നുമുള്ള ആവശ്യവുമായി സിഐടിയുവിന്റെ നേതൃത്വത്തിൽ കേരളത്തിൽ കഴിഞ്ഞ പതിനഞ്ചു മുതൽ ജില്ലകളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും സമരപരിപാടികളിലേക്ക് പോയിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് പറഞ്ഞു.
പണിമുടക്കുമായി എഐടിയുസി യൂണിയൻ സഹകരിക്കുന്നില്ലെന്ന് ഓൾ കേരള ഗിഗ് വർക്കേഴ്‌സ് യൂണിയൻ വ്യക്തമാക്കി. കേന്ദ്രസർക്കാർ ഗിഗ് വർക്കേഴ്‌സിനായി പ്രത്യേക തൊഴിൽ നിയമം കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ, പുതുവത്സരദിനത്തിൽ ഉൾപ്പെടെ ഇതിന്റെ പേരിൽ പണിമുടക്കുന്നതിനോട് യൂണിയന് യോജിപ്പില്ല. പുതുവത്സരത്തിൽ പതിനായിരക്കണക്കിന് ആളുകൾ ഈ മേഖലയെ ആശ്രയിക്കുമ്പോൾ അവർക്ക് സേവനം ലഭ്യമാക്കാതിരിക്കുന്നത് ശരിയായ സമരമാർഗമല്ലെന്ന് എഐടിയുസി യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. സൻജിത് പറഞ്ഞു.