ലവ് ജിഹാദ് പരാമര്‍ശം : ജോര്‍ജ് എം തോമസിനെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് സി.പി.എമ്മില്‍ വിമര്‍ശനം

ലവ് ജിഹാദ് പരാമര്‍ശം : ജോര്‍ജ് എം തോമസിനെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് സി.പി.എമ്മില്‍ വിമര്‍ശനം
 

കോഴിക്കോട് : കോടഞ്ചേരി മിശ്രവിവാഹത്തില്‍ ലവ് ജിഹാദ് പരാമര്‍ശം നടത്തിയ ജോര്‍ജ് എം തോമസിനെതിരെ നടപടിയെടുക്കുന്നതില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിന് വീഴ്ച ഉണ്ടായെന്ന് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം.സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടാണ് നടപടിയെടുത്തത്. നടപടി നേരത്തെ തന്നെ ആകാമായിരുന്നു എന്നാണ് വിമര്‍ശനമുയര്‍ന്നത്. കടുത്ത നടപടി വേണമെന്ന ആവശ്യവും കമ്മിറ്റിയില്‍ ഉയര്‍ന്നു.

ലവ് ജിഹാദ് യാഥാര്‍ഥ്യമാണെന്നാണ് കോടഞ്ചേരി മിശ്രവിവാഹത്തിന് പിന്നാലെ ജോര്‍ജ് എം തോമസ് നടത്തിയ പ്രസ്താവന. പാര്‍ട്ടി രേഖകളില്‍ ഇക്കാര്യമുണ്ടെന്നും പറഞ്ഞു. സി.പി.എം ജില്ലാ നേതൃത്വം ഇതിനെ തള്ളിപറഞ്ഞെങ്കിലും അതിന് ശേഷം നടന്ന സെക്രട്ടേറിയേറ്റിലും നടപടിയൊന്നുമെടുത്തില്ല. ജോര്‍ജ് എം തോമസിനുണ്ടായ നാക്കു പിഴയായാണ് വിലയിരുത്തിയത്. പിന്നീട് സംസ്ഥാന കമ്മിറ്റിയിലും വിഷയത്തില്‍ വിമര്‍ശമുയര്‍ന്നു. നടപടിയെടുക്കാന്‍ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സെക്രട്ടേറിയേറ്റംഗം സംസാരിച്ചിട്ടും ജില്ലാ നേതൃത്വം യഥാസമയം ഇടപെട്ട് നടപടിയെടുക്കാതിരുന്നത് ശരിയായില്ലെന്നും പാര്‍ട്ടി നിലപാട് ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കാന്‍ ആദ്യം തന്നെ നടപടിയെടുക്കാമായിരുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു. പാര്‍ട്ടിയെ കുറിച്ച്‌ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയ സംഭവമായതിനാല്‍ പരസ്യ ശാസനയല്ല കടുത്ത നടപടിയാണ് വേണ്ടിയിരുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നു.

പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലിച്ച്‌ ഒരു നേതാവ് പ്രസ്താവന നടത്തുന്നത് കടുത്ത നടപടിയെടുക്കേണ്ട വിഷയമാണ്. എന്നാല്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടായില്ല. ഇതിനൊപ്പം ജോര്‍ജ് എം തോമസിന്‍റെ പരാമര്‍ശത്തെ സി.പി.എം നേതൃത്വം തള്ളിയതില്‍ സഭ അനിഷ്ടം അറിയിച്ചിരുന്നു. ക്രൈസ്തവ സഭാ നേതൃത്വത്തെ പിണക്കേണ്ട എന്നതാണ് കടുത്ത നടപടിയിലേക്ക് നീങ്ങാതിരിക്കാന്‍ കാരണമെന്നും സൂചനയുണ്ട്.