മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ ബഹുജന പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കണം; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

 

കാസർഗോഡ് : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ ബഹുജന പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കണമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ  മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഡി.പി.സി ഹാളില്‍ ചേര്‍ന്ന മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പയിന്‍ സംസ്ഥാനത്ത് മുഴുവനായി നടന്നുവരികയാണ്. ജില്ലയില്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്താനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണമെന്ന് മന്ത്രി പറഞ്ഞു. വ്യക്തിശുചിത്യത്തിലും ഗൃഹ ശുചിത്വത്തിലും ഏറെ മുന്നില്‍ നില്‍ക്കുമ്പോഴും പരിസര ശുചിത്വത്തിലുള്ള പിന്നോക്കമാണ് നമുക്ക് മാറ്റിയെടുക്കേണ്ടത്. നാട്ടിലെമ്പാടും മാലിന്യങ്ങള്‍ കൂടിവരികയും ജല സ്രോതസുകള്‍ ഉള്‍പ്പെടെ മലിനപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും അത് മാറേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയില്‍ നടന്നു വരുന്ന ക്യാമ്പയിന്‍ ഊര്‍ജിതപ്പെടുത്തുന്നതിനും 2016 ലെ ഖരമാലിന്യ ചട്ടം സമയബന്ധിതമായി നടപ്പിലാക്കുന്നതിനും  ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. യോഗം തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ പങ്കാളിത്തോടെ മാലിന്യമുക്ത നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാവരും അണിനിരക്കണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസി.കളക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനവും വാര്‍ഷിക പദ്ധതിയും എന്ന വിഷയത്തിലും നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ മാലിന്യ സംസ്‌കരണം ജില്ലയിലെ നിലവിലെ സ്ഥിതി എന്ന വിഷയത്തിലും സംസാരിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് ജോ.ഡയറക്ടര്‍ ജെയ്സണ്‍ മാത്യു സ്വാഗതവും ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി നന്ദിയും പറഞ്ഞു.