ശബരിമല അനുഭവങ്ങൾ ഹൃദയംതൊട്ട് പങ്കുവെച്ച് പിന്നണി ഗായകൻ ഗണേഷ് സുന്ദരം
കുട്ടിക്കാലത്ത് മുത്തശ്ശന്റെയും അച്ഛന്റെയും കൈപിടിച്ചാണ് പിന്നണി ഗായകൻ ഗണേഷ് സുന്ദരം ആദ്യമായി ശബരിമല കയറിയത്. അഞ്ചോ ആറോ വയസ്സുള്ളപ്പോൾ തുടങ്ങിയ ആ യാത്രയുടെ ഓർമകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. കൗമാരകാലം മുതൽ അയ്യപ്പസന്നിധിയിലേക്കുള്ള യാത്ര പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറി.
ശബരിമല : കുട്ടിക്കാലത്ത് മുത്തശ്ശന്റെയും അച്ഛന്റെയും കൈപിടിച്ചാണ് പിന്നണി ഗായകൻ ഗണേഷ് സുന്ദരം ആദ്യമായി ശബരിമല കയറിയത്. അഞ്ചോ ആറോ വയസ്സുള്ളപ്പോൾ തുടങ്ങിയ ആ യാത്രയുടെ ഓർമകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. കൗമാരകാലം മുതൽ അയ്യപ്പസന്നിധിയിലേക്കുള്ള യാത്ര പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറി. ഇതിനോടകം നാല്പതിലേറെ തവണ ശബരിമല ദർശനം നടത്തിയ ഗണേഷ് സുന്ദരം ഇപ്പോൾ മണ്ഡലകാലത്തും മറ്റ് സമയങ്ങളിലും മല ചവിട്ടുന്നു.
ഒരു കാലത്ത് അയ്യപ്പഭക്തിഗാനങ്ങളുടെ സുവർണകാലമായിരുന്നു മണ്ഡലമാസം. ഗായകരെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയ സംഗീതകാലം. ആസ്വാദകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ നിരവധി ഭക്തിഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി "അമ്മേ നാരായണ... ദേവീ നാരായണ... ", "ചോറ്റാനിക്കര അമ്മേ... ജഗദംബികേ..." പോലുള്ള ഹിറ്റ് ഗാനങ്ങൾ ആലപിച്ച ഗണേഷ് സുന്ദരം ഓർത്തെടുക്കുന്നു.
കാലം മാറിയതോടെ സംഗീതരംഗത്തെ സാഹചര്യങ്ങളും മാറി. പുതിയ ഭക്തിഗാനങ്ങളുടെ വരവ് കുറഞ്ഞെങ്കിലും ഇന്നും മികച്ച ഗാനങ്ങൾ ആലപിക്കാൻ അവസരം ലഭിക്കുന്നുണ്ട്. ഈ മണ്ഡലകാലത്തും ഏതാനും മനോഹര ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞത് അയ്യപ്പന്റെ അനുഗ്രഹമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്കുള്ള കാൽനടയാത്രകൾ ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നാണ്. നാലോ അഞ്ചോ തവണ കായംകുളത്ത് നിന്നും ബാബു കോയിപ്പുറത്ത് ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ഭക്തസംഘത്തോടൊപ്പം കാൽനടയായി സന്നിധാനത്തെത്തിയിട്ടുണ്ട്. 10 മുതൽ 200 ഓളംപേർ വരെ ഉൾപ്പെട്ട സംഘത്തിന്റെ യാത്ര ഏഴു ദിവസം നീണ്ടുനിൽക്കും. എട്ടാം ദിവസം ബസിൽ നാട്ടിലേക്ക് മടങ്ങുകയാണ് പതിവ്. ഇക്കുറിയും അയ്യനെ കാണാനെത്തിയ ഗണേഷ് സുന്ദരം തിങ്കളാഴ്ച സുഖശർശനത്തിന് ശേഷം സോപാനത്ത് അയ്യപ്പ ഭക്തിഗാനവും ആലപിച്ചാണ് മടങ്ങിയത്.