എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കപ്പെട്ട സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഗണേഷ് കുമാര്‍ ; കേസ് കൊടുക്കട്ടെയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി
ഏകാധിപത്യപരമായ നിലപാടാണ് പത്തനാപുരത്തെ കാര്യത്തില്‍ എന്‍ എസ് എസ് നേതൃത്വം സ്വീകരിച്ചതെന്നതടക്കമുള്ള ആരോപണങ്ങളാണ് ഗണേഷ് ഉയര്‍ത്തിയത്.
പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഗണേഷ് കുമാര്‍ കേസ് കൊടുത്ത് തെളിയിക്കട്ടെ എന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി വെല്ലുവിളിച്ചു
എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പത്തനാപുരത്തെ താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടതില്‍ അടക്കം ജനാധിപത്യ വിരുദ്ധ തീരുമാനങ്ങളുണ്ടെന്ന ഗണേഷിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ സുകുമാരന്‍ നായര്‍, എന്നാ പിന്നെ ഗണേഷ് കേസ് കൊടുക്കട്ടെ എന്നും പ്രതികരിച്ചു.
പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഗണേഷ് കുമാര്‍ കേസ് കൊടുത്ത് തെളിയിക്കട്ടെ എന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി വെല്ലുവിളിച്ചു. നേരത്തെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന് നീക്കിയതില്‍ പരാതി ഇല്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് ഗണേഷ് കുമാര്‍, എന്‍ എസ് എസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. സംഘടനയ്ക്ക് ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടെന്ന് അഭിപ്രായപ്പെട്ട ഗണേഷ്, പത്തനാപുരം എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതില്‍ കടുത്ത അമര്‍ഷവും പ്രകടിപ്പിച്ചിരുന്നു. ഏകാധിപത്യപരമായ നിലപാടാണ് പത്തനാപുരത്തെ കാര്യത്തില്‍ എന്‍ എസ് എസ് നേതൃത്വം സ്വീകരിച്ചതെന്നതടക്കമുള്ള ആരോപണങ്ങളാണ് ഗണേഷ് ഉയര്‍ത്തിയത്. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുമായി എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിയിട്ട് പോലും പരിഗണിച്ചില്ല എന്നും ഗണേഷ് പറഞ്ഞു.