അവർ നടത്തട്ടെ, 24 മണിക്കൂറിനുള്ളിൽ 113 ബസും തിരികെ തരാം - മേയർ വി.വി. രാജേഷിന് മറുപടിയുമായി ഗണേഷ് കുമാർ
തിരുവനന്തപുരം സിറ്റി ബസ് വിവാദത്തിൽ മേയർ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇലക്ട്രിക് ബസുകൾ കോർപ്പറേഷൻ്റേത് അല്ലെന്നും 60 ശതമാനം സംസ്ഥാനത്തിന്റേത് ആണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ബസ് വിവാദത്തിൽ മേയർ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇലക്ട്രിക് ബസുകൾ കോർപ്പറേഷൻ്റേത് അല്ലെന്നും 60 ശതമാനം സംസ്ഥാനത്തിന്റേത് ആണെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത് കെഎസ്ആർടിസിയാണ്. വേണമെങ്കിൽ 113 ബസുകൾ കോർപ്പറേഷന് തിരിച്ചുനൽകാമെന്നും മന്ത്രി പറഞ്ഞു.നെടുമങ്ങാട്, ആറ്റിങ്ങൽ, പോത്തൻകോട്, നെയ്യാറ്റിൻകര തുടങ്ങിയിടങ്ങളിൽ താമസിക്കുന്നവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ പറ്റില്ലെന്നും വണ്ടിയിൽ കയറ്റാൻ പറ്റില്ലെന്നും പറയാൻ കേരള സർക്കാരിന് കഴിയില്ല. അങ്ങനെ പറയില്ല- മന്ത്രി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട മേയർ വി.വി. രാജേഷ് സംസാരിക്കുകയോ കത്ത് നൽകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റിയുടെ ഭാഗമായി കെഎസ്ആർടിസിക്കു നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിൽ ഓടിയാൽ മതിയെന്ന നിലപാടിലാണ് കോർപ്പറേഷൻ ഭരണസമിതി. 113 ഇലക്ട്രിക് ബസുകളാണ് കെഎസ്ആർടിസിക്കു നൽകിയത്. ഇതേച്ചൊല്ലിയാണ് ഇപ്പോൾ തർക്കമുടലെടുത്തിരിക്കുന്നത്.
ബസുകൾ തങ്ങൾക്ക് വേണം എന്ന് എഴുതിത്തന്നാൽ 24 മണിക്കൂറിനുള്ളിൽ 113 വണ്ടികളും കോർപ്പറേഷന് തിരിച്ചുകൊടുത്തേക്കാം എന്ന് മന്ത്രി പറഞ്ഞു. ബസുകൾ അവർക്കിഷ്ടമുള്ള സ്ഥലത്ത് ഇടാം. കെഎസ്ആർടിസിയുടെ ഡിപ്പോയിൽ ഇടാൻ പറ്റില്ല. കോർപ്പറേഷന് തിരികെ നൽകുന്ന 113 ബസിന് പകരം 150 ബസുകൾ പുറത്തുനിന്ന് കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസുകളിലെ കണ്ടക്ടർ, ഡ്രൈവർ, ടിക്കറ്റ് മെഷീൻ, വർക്ക് ഷോപ്പ് സംവിധാനങ്ങൾ അടക്കം തങ്ങളുടേതാണ്. കഴിവുണ്ടെങ്കിൽ കോർപ്പറേഷൻ ഇതെല്ലാം നടത്തട്ടെ എന്നും മന്ത്രി പറഞ്ഞു.
ആവശ്യമില്ലാത്ത കാര്യങ്ങൾ പറയണ്ട. തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല. സിഎംഡിക്ക് കോർപ്പറേഷൻ കത്തു നൽകിയാൽ 24 മണിക്കൂറിനുള്ളിൽ അവർ പറഞ്ഞ സ്ഥലത്ത് വണ്ടി എത്തിച്ചു കൊടുക്കും. 113 വണ്ടിക്ക് പകരം 150 വണ്ടി സർക്കാരിന്റെ ഭാഗത്ത് നിന്ന് തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. 150 വണ്ടിയും സിറ്റിയിൽ ഓടിയിരിക്കും. അത് സിറ്റിക്ക് പുറത്തും ഓടിക്കും- മന്ത്രി പറഞ്ഞു.