കൊട്ടിക്കലാശം കളറാക്കി മുന്നണികൾ; ഇനി നിശബ്ദപ്രചാരണം, മറ്റന്നാൾ തെരഞ്ഞെടുപ്പ് 

കേരളം മറ്റന്നാള്‍ പോളിങ് ബൂത്തിലെത്തും. ഒരു മാസത്തില്‍ താഴെ മാത്രം നിന്ന പരസ്യപ്രചാരണത്തിന് വൈകുന്നേരം ആറുമണിയോടെയാണ് തിരശീല വീണത്. നാടും നഗരവും നിറഞ്ഞ കൊട്ടിക്കലാശത്തിന്റെ ആവേശം വാനോളം.

 

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം മണ്ഡലങ്ങളിൽ സമാപിച്ചു. ഇനി അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നിശബ്ദ പ്രചാരണമായിരിക്കും. കേരളം മറ്റന്നാള്‍ പോളിങ് ബൂത്തിലെത്തും. ഒരു മാസത്തില്‍ താഴെ മാത്രം നിന്ന പരസ്യപ്രചാരണത്തിന് വൈകുന്നേരം ആറുമണിയോടെയാണ് തിരശീല വീണത്. നാടും നഗരവും നിറഞ്ഞ കൊട്ടിക്കലാശത്തിന്റെ ആവേശം വാനോളം.

എല്‍ഡിഎഫ് തുടര്‍ഭരണം സ്വപ്നം കാണുമ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് മടങ്ങിവരുമെന്ന ഉറച്ച് വിശ്വസത്തിലാണ് യുഡിഎഫ്. താമര വിരിയിച്ച് അധികാരത്തില്‍ നിര്‍ണായക പങ്കുവഹിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രവര്‍ത്തകരിലും ആവേശം നിറയ്ക്കുന്നതായിരുന്നു കൊട്ടിക്കലാശം. പാര്‍ട്ടി പതാകകളുമായി എൽ ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ നഗരവീഥികളിലേക്ക് ഒത്തുകൂടിയതോടെ കൊട്ടിക്കലാശം പൂര്‍ണമായി കളര്‍ഫുള്‍ ആയി. പലയിടങ്ങളിലും ക്രെയിനില്‍ കയറി സ്ഥാനാര്‍ഥികള്‍ വാനിലേക്ക് ഉയര്‍ന്നപ്പോള്‍ പ്രവര്‍ത്തകരില്‍ ആവേശം അണപൊട്ടി. ടിപ്പറിലും ലോറികളിലുമായി പ്രവര്‍ത്തകരും നിറഞ്ഞു.

കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാന്‍ തൃശൂരില്‍ പുലികളും റോബോട്ടിക് ആനയും ഇറങ്ങി. അതിനിടെ, ആവേശം അതിരുവിട്ടപ്പോള്‍ ചിലയിടത്ത് പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലും ഉണ്ടായി. ആഘോഷങ്ങള്‍ക്കിടയിലും വേറിട്ട കാഴ്ചകള്‍ക്കും ഇത്തവണത്തെ കലാശക്കൊട്ട് സാക്ഷ്യം വഹിച്ചു. പ്രളയ ദുരന്തത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റാന്നിയിലും ആറന്മുളയിലും യുഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുതുപ്പള്ളിയില്‍ കൊട്ടിക്കലാശത്തിന് മാറ്റിവെച്ച തുക ഉപയോഗിച്ച് ഒരു വീട് നിര്‍മ്മിച്ചു നല്‍കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം.

വൈകിട്ട് ആറിന് ശേഷം പൊതു ഇടങ്ങളില്‍ പരസ്യ പ്രചരണം പാടില്ല. പ്രചരണം ലക്ഷ്യമാക്കിയുള്ള കലാപരിപാടികളും അനുവദിക്കില്ല. മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം . പ്രചരണത്തിനായി പുറത്തു നിന്ന് എത്തിയവര്‍ അതത് മണ്ഡലങ്ങള്‍ വിട്ടുപോകണം എന്നിവയാണ് നിര്‍ദേശങ്ങള്‍. സംസ്ഥാനത്തെങ്ങും സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്.