സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ; നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി കെഎസ്ആര്‍ടിസി

 

നഗര ഡിപ്പോകളുടെ മാതൃകയില്‍ മറ്റ് ഡിപ്പോകളിലും ഫാസ്റ്റ് ബസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.

 

തിരുവനന്തപുരത്ത് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പകരം കൂടുതല്‍ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍ ഇറക്കാനാണ് മാനേജ്മെന്റ് നീക്കം

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയിലൂടെ ഉണ്ടാവുന്ന നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരത്ത് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പകരം കൂടുതല്‍ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍ ഇറക്കാനാണ് മാനേജ്മെന്റ് നീക്കം. നഗര ഡിപ്പോകളുടെ മാതൃകയില്‍ മറ്റ് ഡിപ്പോകളിലും ഫാസ്റ്റ് ബസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.

ജൂണ്‍ 15 മുതലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേര്‍സിനും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിക്കുക. സിറ്റി ഫാസ്റ്റ് ബസുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ പ്രത്യേക സ്റ്റിക്കറുകള്‍ പതിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളും സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് തമ്പാനൂരില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം കൂടുതല്‍ ബസുകളിലേക്ക് പദ്ധതി വ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. പദ്ധതിയിലൂടെ കെഎസ്ആര്‍ടിസി വരുമാനത്തില്‍ ഒരു വര്‍ഷം 800 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കണക്ക്. ഈ പണം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കാനാണ് തീരുമാനം.