മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പ് കേസ് ; നിയമനടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ; കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും നിർദ്ദേശം

ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയത് തട്ടിപ്പാണെന്ന കായികവകുപ്പിന്റെ കണ്ടെത്തലിന്മേൽ സർക്കാർ തുടർഅന്വേഷണത്തിന് ഒരുങ്ങുന്നു. കായികവകുപ്പ് സമർപ്പിച്ച റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും.

 

 തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയത് തട്ടിപ്പാണെന്ന കായികവകുപ്പിന്റെ കണ്ടെത്തലിന്മേൽ സർക്കാർ തുടർഅന്വേഷണത്തിന് ഒരുങ്ങുന്നു. കായികവകുപ്പ് സമർപ്പിച്ച റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. കേസിൽ യാതൊരുവിധ നിയമപരമായ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ഇടപാടുകളിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുടർനടപടികൾ ആരംഭിക്കുന്നത്.

അർജന്റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ 1.5 കോടി അമേരിക്കൻ ഡോളർ (ഏകദേശം 126 കോടി രൂപ) നൽകിയെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, ഇതിന്റെ സാമ്പത്തിക കൈമാറ്റ രേഖകളോ കരാറുകളോ കണ്ടെത്താനായിട്ടില്ല. എ.എഫ്.എയുമായോ സ്പോൺസറുമായോ ഉള്ള അത്തരം യാതൊരു ഉടമ്പടിയും നിലവിലില്ലെന്ന് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് തുടർനടപടികൾക്കായി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ വളരെ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കായിക-യുവജനക്ഷേമ മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് സ്ഥിരീകരിച്ചു. മെസിയെ കേരളത്തിൽ എത്തിക്കുന്നതിനായി ആരുമായും ഔദ്യോഗിക കരാറുകൾ ഉണ്ടാക്കിയിട്ടില്ല. പരിപാടി സംഘടിപ്പിക്കാനുള്ള നീക്കം വ്യാജമായിരുന്നുവെന്നും ഇതിന് പിന്നിൽ സാമ്പത്തിക വഞ്ചനയും ക്രിമിനൽ കുറ്റങ്ങളും നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് സംശയിക്കുന്നു. ഫിഫയുടെ അംഗീകാരമില്ലാതെയായിരുന്നു പ്രഖ്യാപനങ്ങൾ നടന്നത്. കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാനും കായികവകുപ്പ് റിപ്പോർട്ടിൽ ശുപാർശയുണ്ട്.