ട്രേഡിങ് കമ്പനിയുടെ പേരിൽ തട്ടിപ്പ് ; യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ : ട്രേഡിങ് കമ്പനിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് കൊടുങ്ങല്ലൂർ ചാപ്പാറ മണ്ണാറത്താഴം സ്വദേശിയായ ഡോക്ടറുടെ 25 ലക്ഷം രൂപ തട്ടിയ കേസിൽ മലയാളിയായ പ്രതിയുടെ അറസ്റ്റ് കൊടുങ്ങല്ലൂർ പൊലീസ് രേഖപ്പെടുത്തി. തമിഴ്നാട് മൈലാപ്പൂർ മറീന സ്കൂൾ നഗറിൽ താമസിക്കുന്ന വിജയ് (46) ആണ് പ്രതി.
ചെന്നൈ കേന്ദ്രമായുള്ള എഫ്.എക്സ് യോഗി അഡ്വൈസേഴ്സ് കൺസൾട്ടന്റ് ആന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരിൽ 68.80 കോടി തട്ടിയ കേസിൽ തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത വിജയ് ചെന്നൈയിൽ ജയിലിൽ ആയിരുന്നു. ഇവിടെയെത്തിയാണ് കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി ഇനിയും പിടിയിലായിട്ടില്ല.