ഭിക്ഷാടന സംഘത്തിന്റെ ക്രൂരപീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട പതിനാലുകാരന്‍ അഭയം തേടിയെത്തിയത് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ ; വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ദിവസേനയുള്ള വരുമാനം 1000 രൂപയില്‍ താഴെയായാല്‍ കുട്ടികളുടെ തലയ്ക്ക് പുറകിലായി അന്തോണി ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു.
ഒരു ദിവസം 1500 രൂപയാണ് കുട്ടികള്‍ക്ക് ടാര്‍ജറ്റ് നല്‍കിയിരുന്നത്.
ഭിക്ഷാടന സംഘത്തിന്റെ ക്രൂരപീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട പതിനാലുകാരന്‍ അഭയം തേടിയെത്തിയത് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മഹാരാജയാണ് (14) ഭിക്ഷാടന മാഫിയയുടെ കൈകളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കുട്ടിയെ കണ്ട നാട്ടുകാര്‍ ഹരിപ്പാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നിര്‍ദേശപ്രകാരം കുട്ടിയെ ഇപ്പോള്‍ സെന്റ് തോമസ് ബാലികാ ഭവനില്‍ താല്‍ക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്.
മഹാരാജയുടെ മാതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് പിതാവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. തുടര്‍ന്ന് മഹാരാജയും അനുജന്‍ ചിലമ്പരശനും തൂത്തുക്കുടിയിലെ ഒരു അനാഥമന്ദിരത്തില്‍ നിന്നാണ് പഠിച്ചിരുന്നത്. എന്നാല്‍ ഹരിപ്പാട് കുട ശരിയാക്കുന്ന ജോലി ചെയ്യുന്ന ഇവരുടെ പിതാവിന്റെ അനുജനായ അന്തോണി ഒരു മാസം മുമ്പാണ് ഇവരെ ഹരിപ്പാട്ടേക്ക് എത്തിച്ചത്. തുടര്‍ന്ന് ദിവസവും രാവിലെ ഒരു സംഘത്തോടൊപ്പം ഇവരെ ഭിക്ഷയ്ക്കായി പറഞ്ഞുവിടും. ഉച്ചയ്ക്ക് സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണം വാങ്ങി നല്‍കിയ ശേഷം ഉച്ചകഴിഞ്ഞും വീണ്ടും ഭിക്ഷാടനത്തിന് നിയോഗിക്കുകയായിരുന്നു പതിവ്.
ഒരു ദിവസം 1500 രൂപയാണ് കുട്ടികള്‍ക്ക് ടാര്‍ജറ്റ് നല്‍കിയിരുന്നത്. ദിവസേനയുള്ള വരുമാനം 1000 രൂപയില്‍ താഴെയായാല്‍ കുട്ടികളുടെ തലയ്ക്ക് പുറകിലായി അന്തോണി ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഈ മര്‍ദ്ദനം സഹിക്കാനാവാതെയാണ് മഹാരാജ രക്ഷപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. മഹാരാജ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് അനിയനെയും അന്തോണിയെയും കണ്ടെത്താനായി ഹരിപ്പാട്ട് പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഇവര്‍ ഇവിടെ നിന്നും രക്ഷപ്പെട്ടതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. നഗരത്തില്‍ ഭിക്ഷാടന മാഫിയ ശക്തമാണെന്നും ഇതിന് അറുതിവരുത്താന്‍ പൊലീസിന്റെയും ചൈല്‍ഡ് ലൈന്റെയും അടിയന്തര ഇടപെടല്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.