മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് മരിച്ചത് ഉറ്റസുഹൃത്തുക്കളായ നാലുപേര്‍

പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്.

 

ഏഴുപേര്‍ക്കാണ് കുരുങ്ങന്‍ചോല വ്യൂ പോയിന്റില്‍ വെച്ച് ശക്തമായ മിന്നലേറ്റത്

മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് മരിച്ചത് ഉറ്റസുഹൃത്തുക്കളായ നാലുപേര്‍. മങ്കട വെള്ളില സ്വദേശികളായ റഹീസ്(20), ബഹാസ്(18), സിയാദ്(18), ഫഹദ്(22) എന്നിവരാണ് മരിച്ചത്. ഏഴുപേര്‍ക്കാണ് കുരുങ്ങന്‍ചോല വ്യൂ പോയിന്റില്‍ വെച്ച് ശക്തമായ മിന്നലേറ്റത്. ഇതില്‍ ആറുപേരെ കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. ഒരാള്‍ മിന്നലേറ്റ് തെറിച്ച് വീണിരുന്നു. സംഭവത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്. വെള്ളില സ്വദേശികളായ റോഷന്‍(20), ഇഷ്ഹാത്(19), സല്‍മാനുല്‍ ഫാരിസ്(21) എന്നിവരാണ് പരിക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവര്‍ അപകടനില തരണംചെയ്തതായാണ് വിവരം.

ഇടിമിന്നലേറ്റ് ഒരു വിദ്യാര്‍ത്ഥി പാറയുടെ മുകളില്‍നിന്ന് തെറിച്ചുവീണിരുന്നു. ആദ്യഘട്ടത്തില്‍ ഈ വിദ്യാര്‍ത്ഥി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥികളിലൊരാളാണ് തങ്ങള്‍ ഏഴുപേരുണ്ടായിരുന്നതായി നാട്ടുകാരോട് പറഞ്ഞത്. ഇതോടെ പ്രദേശത്ത് വീണ്ടും തിരച്ചില്‍ നടത്തിയപ്പോളാണ് ഏഴാമത്തെയാളെയും കണ്ടെത്തിയത്. ഏഴുകുട്ടികളും വ്യൂപോയിന്റെ തൊട്ടടുത്ത് താമസിക്കുന്നവരാണ്.