സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ

ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റൽ മീഡിയ ഗ്രീവൻസ് ബോഡിയായ ഐ.ഡി.പി.സി.ജി.സി. - ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിൽ - പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് ആണ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിലിന്റെ പുതിയ ചെയർമാൻ.സുപ്രീംകോടതി മുൻ ജസ്റ്റിസും, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാനും, കേരള ലോകായുക്തയുമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്.

 

കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റൽ മീഡിയ ഗ്രീവൻസ് ബോഡിയായ ഐ.ഡി.പി.സി.ജി.സി. - ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിൽ - പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് ആണ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിലിന്റെ പുതിയ ചെയർമാൻ.സുപ്രീംകോടതി മുൻ ജസ്റ്റിസും, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാനും, കേരള ലോകായുക്തയുമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്.

രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയും നെതർലൻഡ്സിലെ മുൻ അംബാസഡറുമായിരുന്ന ഡോ. വേണു രാജാമണി ഐഎഫ്എസ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോർജ് ഓണക്കൂർ, ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ദീപിക എഡിറ്ററുമായ ജോർജ് കള്ളിവയലിൽ എന്നിവരാണ് പുതിയ സമിതിയിലെ മറ്റ് അംഗങ്ങൾ.പുതുക്കിയ ഗ്രീവൻസ് കൗൺസിൽ അംഗങ്ങളുടെ പട്ടിക കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കൈമാറിയതായി കോം ഇന്ത്യ പ്രസിഡന്റ് വിൻസെന്റ് നെല്ലിക്കുന്നേൽ അറിയിച്ചു.

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ മീഡിയ മാനേജ്മെന്റ് അസോസിയേഷനായ _കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ - ഇന്ത്യ (കോം ഇന്ത്യ)_യുടെ ഗ്രീവൻസ് ബോഡിയാണ് ഐ.ഡി.പി.സി.ജി.സി.ഏഴംഗ ഗ്രീവൻസ് കൗൺസിലിൽ കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവും കോം ഇന്ത്യ പ്രസിഡൻ്റും സത്യം ഓൺലൈൻ എഡിറ്ററുമായ വിൻസെന്റ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറി മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു, ട്രഷറർ ട്രൂവിഷൻ ന്യൂസ് മാനേജിംഗ് എഡിറ്റർ കെ. കെ. ശ്രീജിത്ത് എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. കെ. എൻ. കുറുപ്പ് അധ്യക്ഷനായിരുന്ന കൗൺസിലിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ കൗൺസിലിനെ തെരഞ്ഞെടുത്തത്. 

ജൂലൈ 7-ന് കൊച്ചിയിൽ ചേർന്ന കോം ഇന്ത്യ ജനറൽ കൗൺസിൽ പുതിയ അംഗങ്ങളുടെ പേരുകൾ നിർദേശിക്കുകയും 18-ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിന് അംഗീകാരം നൽകുകയുമായിരുന്നു. രണ്ട് വർഷമാണ് പുതിയ കൗൺസിലിന്റെ കാലാവധി.2021-ൽ രൂപീകരിച്ച ഡോ. കെ. കെ. എൻ. കുറുപ്പ് അധ്യക്ഷനായിരുന്ന ആദ്യ ഗ്രീവൻസ് കൗൺസിൽ സമിതി രണ്ട് കാലാവധികൾ പൂർത്തിയാക്കിയാണ് ചുമതല ഒഴിയുന്നത്. 2021-ലെ ഐ.ടി. ആക്ടിലെ മാനദണ്ഡങ്ങൾ പ്രകാരം കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരമാണ് കോം ഇന്ത്യ ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിലിന് രൂപം നൽകിയത്.

കേന്ദ്ര സർക്കാർ പുതിയ ഐ.ടി. ആക്ട് പാസാക്കുകയും 'ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്' പ്രകാരം ഗ്രീവൻസ് കൗൺസിലുകൾ രൂപീകരിക്കാൻ രാജ്യത്തെ മാധ്യമങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തതിനുശേഷം രാജ്യത്ത് രണ്ടാമതും കേരളത്തിൽ ആദ്യവുമായി രൂപംകൊണ്ട ഗ്രീവൻസ് കൗൺസിൽ കോം ഇന്ത്യയുടെ ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിൽ ആണ്.അന്ന് രാജ്യത്തുതന്നെ ഏറ്റവും മാതൃകാപരമായി രൂപം നല്കിയ  ഗ്രീവന്‍സ് കൌണ്‍സില്‍ കോം ഇന്ത്യയുടേതാണെന്ന പ്രശംസയും ലഭിച്ചിരുന്നു. കേരളത്തില്‍ പരമ്പരാഗത പത്ര മാധ്യമങ്ങളുടെയും വാര്‍ത്താ ചാനലുകളുടെയും ഗ്രീവന്‍സ് കൗൺസിലുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനും ഒരു വര്‍ഷം മുന്‍പ് അംഗീകാരം ലഭിച്ചത് കോം ഇന്ത്യക്കാണെന്നത് ശ്രദ്ധേയമായിരുന്നു.